
ന്യൂഡൽഹി: ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുളിയ്ക്കാൻ ഡൽഹി സർക്കാർ കൃത്രിമ ജലാശയം നിർമ്മിച്ചുവെന്ന് ആരോപണം. ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് നദിയോട് ചേർന്ന് ‘കൃത്രിമ യമുന’ നിർമിച്ചെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി.
ഭക്തജനങ്ങളെ ബിജെപി വിഡ്ഢികളാക്കുകയാണെന്നും അവരുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭക്തർ മലിനമായ നദിയിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ശുദ്ധജലം നിറച്ച വെള്ളംകൊണ്ട് കൃത്രിമ യമുന നിർമ്മിച്ചിരിക്കുന്നു. ബിഹാറിൽ അധികാരത്തിലേറാൻ ഡൽഹിയിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ ജീവൻകൊണ്ട് ബിജെപി കളിക്കുകയാണെന്ന് ആം ആദ്മി ആരോപിച്ചു.
ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കൃത്രിമ യമുന നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. വസീറാബാദിലെ ജല ശുദ്ധീകരണ പ്ലാന്റിൽനിന്നാണ് ഇതിനായി വെള്ളം എത്തിച്ചതെന്നും ആം ആദ്മി ആരോപിച്ചു.
എന്നാൽ, ആരോപണം ബിജെപി നിഷേധിച്ചു. ആംആദ്മി പാർട്ടിയുടെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് ബിജെപിയുടെ വാദം. ഉത്സവങ്ങൾക്ക് മുന്നോടിയായി യമുന ശുചീകരണത്തെ എഎപി എതിർക്കുകയാണെന്നും ബിജെപി ആരോപിച്ചു.

