
ഹിമാചലിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലു പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 323 റോഡുകൾ, 70 വൈദ്യുതി വിതരണ ട്രാൻസ്ഫോർമറുകൾ (ഡിടിആർ), 130 ജലവിതരണ പദ്ധതികൾ എന്നിവ തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിലെ പൊതു അടിസ്ഥാന സൗകര്യങ്ങളെ മഴ സാരമായി ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി (എസ്ഡിഎംഎ) അറിയിച്ചു.