
കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം സ്വദേശിനി സോനാ എൽദോസിനെയാണ് (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറവൂർ സ്വദേശി റമീസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. റമീസിൻ്റെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന.
റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിൻ്റെ തെളിവുകൾ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോൺസി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും രജിസ്റ്റർ വിവാഹം ചെയ്യാൻ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോൺസി പറഞ്ഞു. വിവാഹം
രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
സോനയെ പ്രതി മർദ്ദിച്ചതിൻ്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളടക്കം പൊലീസ് പരിശോധിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാൻ റമീസ് പറഞ്ഞതായും വാട്സ്ആപ്പ് ചാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റമീസ് കഴിഞ്ഞ ഞായറാഴ്ച സോനയെ വീട്ടിലേക്ക് കൊണ്ടുപോയി. മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് സോന പറഞ്ഞു. മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചു. മതം മാറണമെങ്കിൽ റജിസ്റ്റർ വിവാഹം ചെയ്യണമെന്ന് സോന പറഞ്ഞു. സഹോദരനോട് വിവരം പറയരുതെന്നും സോന പറഞ്ഞതായും സുഹൃത്ത് പറഞ്ഞു.
കറുകടത്തെ സോന എല്‍ദോസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്‍റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസിലെ എല്‍ദോസിന്‍റെയും ബിന്ധുവിന്‍റെ മകളാണ് സോന. ടിടിസി വിദ്യാര്‍ഥിനിയായ സോനയും പറവൂര്‍ പാനായിക്കുളത്തെ റമീസും തമ്മില്‍ ആലുവ യുസി കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണണെന്ന് ആദ്യമുതലേ റമീസും കുടുംബവും നിര്‍ബന്ധം പിടിച്ചു.