
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ സതീശൻ നടത്തിയത് ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത തരംതാണ പ്രസംഗമാണെന്ന് മന്ത്രി ആരോപിച്ചു. സമുദായ നേതാക്കളെയും പിതാവിൻ്റെ പ്രായമുള്ളവരെയും ധിക്കാരത്തോടെയും നിഷേധത്തോടെയും നേരിടുന്ന സതീശനെ കേരളം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ‘സംഘിക്കുട്ടി’ എന്ന് വിളിച്ച സതീശൻ്റെ നടപടി വ്യക്തിഹത്യയാണെന്ന് ശിവൻകുട്ടി പറഞ്ഞു. താൻ ആർ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടിയല്ല, അത് ‘വിനായക് ദാമോദർ സതീശൻ’ ആണെന്നും അദ്ദേഹം തിരിച്ചടിച്ചു. ആർ എസ് എസിന് ഞാൻ സഹായം ചെയ്യുമെന്ന് പറഞ്ഞാൽ കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും മന്ത്രി ചോദിച്ചു.
കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.പുനർജനി കേസിൽ വിജിലൻസ് കുറ്റം ചുമത്തിയെന്ന സതീശൻ്റെ വാദം വസ്തുതാവിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സോണിയാ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സതീശനെ ചൊടിപ്പിച്ചത്. സോണിയാ ഗാന്ധിയെ നിയമപരമായി ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ക്രിമിനലായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെയാണ് സോണിയാ ഗാന്ധിയുടെ കയ്യിൽ ചരട് കെട്ടിയതെന്നും സോണിയ എം പിയായിരുന്ന ബെല്ലാരിയിൽ സ്വർണം വിറ്റുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
