“എട്ടുമുക്കാലട്ടി എന്നത് നാടൻ പ്രയോഗം; താൻ ഉദ്ദേശിച്ചത് നജീബ് കാന്തപുരത്തെയല്ല”: മുഖ്യമന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷ എം.എൽ.എക്കെതിരെ ഉയർത്തിയ പരാമർശത്തെ കുറിച്ഛ് വിശദീകരിച്ച് മുഖ്യമന്ത്രി എട്ടുമുക്കാലട്ടി എന്നത് നാടൻ പ്രയോഗമാണെന്നും താൻ ഉദ്ദേശിച്ചത് നജീബ് കാന്തപുരത്തെയല്ലെന്നും മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എട്ടുമുക്കാലട്ടി എന്നതിന് കാറ്റുവന്നാൽ വീണുപോകും എന്നാണർഥം. വാച്ച് ആൻഡ് വാർഡിനെ ഒരാൾ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയിൽ അത് പറഞ്ഞത്. നജീബ് കാന്തപുരത്തിന് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ട്. ആരോഗ്യമില്ലാത്ത ഒരാളെയാണ് താനുദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“എട്ടുമുക്കാലട്ടി എന്നത് നാടൻ പ്രയോഗമാണ്. കാറ്റുവന്നാൽ വീണുപോകും എന്നാണർഥം. വാച്ച് ആൻഡ് വാർഡിനെ ഒരാൾ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയിൽ അത് പറഞ്ഞത്. നല്ല ആരോഗ്യമുള്ള ഒരാളാണ് ആദ്യമത് ചെയ്യുന്നത്. പിന്നെ ആരോഗ്യം തീരെ ഇല്ലാത്ത ഒരാളും അതു ചെയ്യുന്നു. അയാൾ ഒരു ഊതിന് വീഴുന്ന ആളാ. നിയമസഭയിലെ പരിരക്ഷയുള്ളതുകൊണ്ടാണ് അയാൾ അത്തരത്തിൽ ആക്രമിക്കാൻ പോയത്. നജീബ് കാന്തപുരത്തെയാണ് പറഞ്ഞതെന്ന് നിങ്ങളിൽ ചിലർ പറഞ്ഞു. എന്നാൽ നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ളയാളല്ലേ. അയാൾക്ക് ഉയരക്കുറവുണ്ടെങ്കിലും നല്ല ആരോഗ്യമുണ്ട്. ആരോഗ്യമില്ലാത്ത ഒരാളെയാണ് ഞാനുദ്ദേശിച്ചത്” -മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ചർച്ചയിലെ ബഹളത്തിനിടെയാണ് പ്രതിപക്ഷാംഗത്തിന്‍റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. പ്രതിപക്ഷാംഗങ്ങൾ സഭവിട്ട ശേഷം മറുപടി പറയുന്നതിനിടെ, എട്ടുമുക്കാലട്ടി വച്ച പോലെ എന്ന് തന്‍റെ നാട്ടിലൊരു വർത്തമാനമുണ്ടെന്നും അത്രയും ഉയരമുള്ള ഒരാളാണ് ആക്രമിക്കാൻ പുറപ്പെട്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവർക്കെല്ലാം അറിയാം. പക്ഷേ നിയമസഭയുടെ പരിരക്ഷ വെച്ച് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ തുനിയുകയായിരുന്നു. ഇതെല്ലാം അപമാനകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പേര് വെളിപ്പെടുത്താതെയായിരുന്നു വിമർശനം.
