
തൃശ്ശൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.
അതേസമയം കണ്ടെയ്നർ ഒഴുകിയെത്തുന്ന സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നുണ്ടന്നും ഇന്നുകൂടി കണ്ടെയ്നർ എത്തുമെന്നാണ് കോസ്റ്റ് ഗാർഡ് പറഞ്ഞിരിക്കുന്നതെന്നും കെ രാജൻ പറഞ്ഞു. കണ്ടെയ്നറും പാർട്ട്സുകളും കണ്ടാൽ പിടിക്കുകയോ എടുക്കുകയോ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ വീണുപോയ കപ്പൽ
ഉയർത്തിയെടുക്കാൻസാൽവേജ് കമ്പനി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കപ്പലിന്റെ ഇന്ധനം പടരുന്നത് തടയാനായി അറക്കപ്പൊടി തുണിസഞ്ചികളിൽ നിറച്ച് തീരപ്രദേശത്ത് കൊണ്ടുവരാനുള്ള കാര്യങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.