
സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിറ്റികളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയൽ അദാലത്തിൻ്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവതരിപ്പിച്ചു. ഇക്കാര്യം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. ഫയൽ തീർപ്പാക്കൽ ഊർജ്ജിതപ്പെടുത്താന്‍ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അദ്ധ്യക്ഷന്മാരും ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
29.07.2025 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റില്‍ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളില്‍ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 10,728 (40.74%) ഫയലകളും തീര്‍പ്പാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ് 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പിൽ 46.30 ശതമാനവും ധനകാര്യ വകുപ്പിൽ 42.72 ശതമാനവും നിയമ വകുപ്പിൽ 42.03 ശതമാനവും പൂർത്തിയായി.
ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.
ഫയല്‍ തീര്‍പ്പാക്കലിന്‍റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തില്‍ വിലയിരുത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേല്‍നോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തില്‍ നടത്തുന്ന പുരോഗതി വിലയിരുത്തല്‍ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയല്‍ അദാലത്തിന്‍റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകള്‍ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
മിഥുന്‍റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.