
കാട്ടാക്കട : കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. കാട്ടാക്കട അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപ്പിടിത്ത വിവരമറിഞ്ഞ് ജഡ്ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി. കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകി. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്.
ഷോർട്ട് സർക്യൂട്ട് ആകാം തീപടരാൻ കാരണം എന്ന് സംശയിക്കുന്നു. എന്നാൽ, തീപ്പിടിത്തമുണ്ടായ കോടതിമുറിയിൽ മെഴുകുതിരി കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തിയാൽമാത്രമേ വ്യക്തമാക്കുകയുള്ളൂ എന്ന് കാട്ടാക്കട പോലീസ് പറഞ്ഞു. കോടതിയിൽ കേസിന്റെ നിർണായക രേഖകൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത് എന്നതും സംശയത്തിനിട നൽകുന്നു.