
കേരള സർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സി ഇ ഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക് വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും കേരള സർക്കാരിലെ മുതിർന്ന നയരൂപകരും വ്യവസായ രംഗത്തെ പ്രതിനിധികളും പങ്കെടുക്കുന്ന പ്രത്യേക ക്ഷണിതാക്കളുടെ സമ്മേളനമായാണ് മീറ്റ് നടക്കുന്നത് . കേരളത്തിന്റെ വികസന കാഴ്ചപ്പാടുമായി പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും അനുഭവവും കൂട്ടിച്ചേർക്കുന്നതിന് വഴിയൊരുക്കുക എന്നതാണ് മീറ്റിലൂടെ ഉദ്ദേശിക്കുന്നത്.
കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക, ആരോഗ്യം, ഭാവി സാങ്കേതികവിദ്യകൾ, പുതു ഊർജം – സുസ്ഥിര വികസനം – കാലാവസ്ഥ, വിദ്യാഭ്യാസം – ഭാവിയിലേക്കുള്ള നൈപുണ്യ വികസനം, സാമൂഹിക നവീകരണം എന്നീ മേഖലകളിൽ സഹകരണ പദ്ധതികൾ ആരംഭിക്കുക, ഗ്ലോബൽ അംബാസഡർമാരായി പ്രവാസി മലയാളികളെ ഉയർത്തിക്കാട്ടി കേരളത്തിന്റെ ആഗോള പ്രതിഛായ വർധിപ്പിക്കുക, അതിലൂടെ നിക്ഷേപം ആകർഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ആരോഗ്യം, സാങ്കേതിക വിദ്യ, ഊർജ്ജം , വിദ്യാഭ്യാസം, സാമൂഹിക നവീകരണം എന്നീ മേഖലകളിൽ സഹകരണം, നയരൂപീകരണ മാർഗനിർദേശങ്ങൾ, നിക്ഷേപ സാധ്യതകൾ സംബന്ധിച്ച്
പ്രവാസി പ്രതിനിധികളും സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചകളും മീറ്റിന്റെ ഭാഗമായി നടക്കും. ഗവേഷണ വികസന മേഖലയിൽ സഹകരണ പദ്ധതികൾ സൃഷ്ടിക്കുക, പ്രവാസി നേതൃത്വത്തിലുള്ള മെന്ററിംഗ്, നൈപുണ്യ വികസന പദ്ധതികൾ ആരംഭിക്കുക, വിദഗ്ധ ഉപദേശക സമിതികൾ രൂപീകരിക്കുക. പ്രധാന മേഖലകളിൽ പൈലറ്റ് പ്രോജക്റ്റുകൾ തുടങ്ങുക എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.