
കക്കയം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവുമായ കക്കയം മേഖലയിലെ ഡാം റോഡരികിൽ കടുവയെ കണ്ടതായി വനംവകുപ്പ് വാച്ചർമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കത്തംവാലി വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സിസിലിമുക്ക് ഭാഗത്തേക്ക് നടന്ന് പോകുന്ന, ഏകദേശം മൂന്ന് വയസ്സുള്ള കടുവയെ കാണാനായത്.
റിസർവോയറിനോട് ചേർന്നുള്ള വനപ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലും കക്കയം ഡാം റിസർവോയറിൽ കടുവയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാർക്കും പലവട്ടം ഇവിടെ കടുവയെ നേരിൽ കാണാനായിട്ടുണ്ട്.
സമീപവനത്തിലേക്ക് കടുവ തിരികെ കയറി പോയതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഓണാഘോഷകാലമായതിനാൽ നിരവധി വിനോദസഞ്ചാരികൾ ഈ പ്രദേശത്ത് എത്തുന്ന സാഹചര്യത്തിൽ, സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അധിക സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.