
സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവൻഷൻ സെന്റർ ) സെപ്റ്റംബർ 10ന് രാവിലെ 10ന് ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 10, 11, 12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
വയലാറിൽ നിന്നുള്ള ദീപശിഖ പ്രതിനിധി സമ്മേളന നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തും. കയ്യൂരിൽ നിന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നയിക്കുന്ന പതാക ജാഥയും പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡൻ്റ് പി വസന്തം നയിക്കുന്ന ബാനർ ജാഥയും ശൂരനാട് നിന്നും കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് കെ വി വസന്തകുമാർ നയിക്കുന്ന കൊടിമര ജാഥയും സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5.30 ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രീകരിച്ച് ആലപ്പുഴ ബീച്ചിലേക്ക് സംയുക്ത ജാഥ ആരംഭിക്കും. വൈകിട്ട് ആറിന് ബീച്ചിൽ സജ്ജമാക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിൽ സ്വാതന്ത്ര്യ സമര സേനാനി പി കെ മേദിനി പതാക ഉയർത്തും.