
ചെന്നൈ: വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഇനിമുതൽ വന്ദേഭാരതിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറൻ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ കറൻ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.സൌത്ത് സോണിൽ സർവീസ് നടത്തുന്ന എട്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇതോടെ എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റുകൾ, യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിനശേഷവും ബുക്ക് ചെയ്യാൻ കഴിയും. നേരത്തെ ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഓൺലൈനിൽ വന്ദേഭാരത് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ലായിരുന്നു. ഉദാഹരണത്തിന്, ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തിരുച്ചിയിൽ നിന്ന് നാഗർകോവിലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ചെന്നൈ എഗ്മോറിൽ നിന്ന് പുലർച്ചെ 5 മണിക്ക് ട്രെയിൻ പുറപ്പെടുന്നതിനാൽ, പുലർച്ചെ 4.45 വരെ മാത്രമേ ബുക്കിംഗ് അനുവദിച്ചിരുന്നുള്ളൂ.
എന്നാൽ പുതിയ രീതി പ്രകാരം, ട്രെയിൻ പുറപ്പെട്ടതിന് ശേഷവും സീറ്റ് കാലിയാണെങ്കിൽ അത് കറന്റ് ടിക്കറ്റായി ഓൺലൈനിൽ ബുക്ക് ചെയ്യാൻ സാധിക്കും. ട്രെയിൻ തിരുച്ചിയിൽ 9 മണിക്കാണ് എത്തുന്നതെങ്കിൽ ഒഴിവുവരുന്ന സീറ്റിലെ ടിക്കറ്റ് 8.45 വരെ ബുക്ക് ചെയ്യാൻ സാധിക്കും. ചെന്നൈ സെൻട്രൽ- വിജയവാഡ എക്സ്പ്രസ്, ചെന്നൈ എഗ്മോർ-നാഗർകോവിൽ എക്സ്പ്രസ് (രണ്ട് ദിശകളിലും), കോയമ്പത്തൂർ- ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ്, മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് (രണ്ട് ദിശകളിലും), മംഗളൂരു സെൻട്രൽ- മഡ്ഗാവ് എക്സ്പ്രസ്, മധുര- ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് എന്നീ വന്ദേഭാരത് ട്രെയിനുകളിൽ മാത്രമാണ് ഈ സൗകര്യം.