
സംസ്ഥാനത്തെ ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഗാർഹികേതര സിലിണ്ടറുകളുടെ വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
സിലിണ്ടറുകളുടെ വിതരണവും ഉപഭോഗവും നിരീക്ഷിക്കുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി എൻഫോഴ്സ്മെന്റ് ടീം കർശന പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ പാചകവാതക കമ്പനികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് പ്രതിസന്ധി പരിഹരിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായത്. പാചകവാതക സിലിണ്ടറുകളുടെ ദൈനംദിന വിതരണവും ഉപയോഗവും നിരീക്ഷിക്കാൻ പ്രത്യേക ഡാഷ് ബോർഡ് സജ്ജമാക്കും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ജില്ലാതല സമിതികൾ പ്രവർത്തിക്കുക.
കേരളത്തിലെ 40 ശതമാനം റസ്റ്റോറന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടായിരുന്നു. പല സ്ഥാപനങ്ങൾക്കും ബദൽ പാചക രീതികളിലേക്ക് മാറാൻ കഴിയുന്നില്ലെന്ന് വ്യവസായ പ്രതിനിധികൾ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് എൽപിജി ക്ഷാമം റസ്റ്റോറൻ്റുകൾക്ക് പുറമെ, കാറ്ററിങ്ങ് സർവ്വിസുകാർ, ഹോസ്റ്റലുകൾ, കാൻ്റീനുകൾ, ശ്മശാനങ്ങൾ എന്നിവയേയും ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയോടെ സംസ്ഥാനത്തെ 40 ശതമാനം റസ്റ്റോറൻ്റുകളും അടച്ചുപൂട്ടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡൻ്റ് ജി.ജയപാൽ പിടിഐയോട് പറഞ്ഞു. “വ്യാഴാഴ്ച വരെ ഏകദേശം 20 ശതമാനം റസ്റ്റോറൻ്റുകൾ അടച്ചിരുന്നു. എൽപിജി സ്റ്റോക്കുകൾ ഉടൻ തീർന്നുപോകുന്നതിനാൽ വെള്ളിയാഴ്ചയോടെ ഈ എണ്ണം 40 ശതമാനമായി ഉയരും,” അദ്ദേഹം പറഞ്ഞു.
