
ടെൽ അവീവ്: ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുതലക്കണ്ണീരൊഴുക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ നാസർ ആശുപത്രിയിലെ ദാരുണമായ അപകടത്തിൽ ഇസ്രായേൽ അഗാധമായി ഖേദിക്കുന്നുവെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ നെതന്യാഹു പറയുന്നു. പത്രപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ സൈനിക അധികാരികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഞങ്ങളുടെ യുദ്ധം ഹമാസ് ഭീകരർക്കെതിരെയാണ്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ വീട്ടിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്, അൽ ജസീറ എന്നിവിടങ്ങളിലെ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘടനകൾ സ്ഥിരീകരിച്ചു.
എ.പി.ക്കുവേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചിരുന്ന 33 കാരിയായ മറിയം ദഖ, അൽ ജസീറയുടെ മുഹമ്മദ് സലാം, റോയിട്ടേഴ്‌സ് കോൺട്രാക്ടർ ക്യാമറാമാൻ ഹുസാം അൽ-മസ്രി, മോസ് അബു താഹ, അഹമ്മദ് അബു അസീസ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ മുതൽ, ഗാസ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ 200-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.