
വ്യക്തമായ രാഷ്ട്രീയ അവബോധം എക്കാലത്തും പുലർത്തിയിരുന്ന ജെഎൻയു കാമ്പസ് രാജ്യത്ത് തന്നെ പല നിർണായക മാറ്റങ്ങൾക്കും വേദി കൂടിയായിരുന്നു. എന്നാൽ ഇന്ന് കലാലയം കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായി മാറി
Web DeskWeb DeskNov 5, 2025 – 13:410
കലാലയ സർഗാത്മകതയിൽ നിന്ന് കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായി ജെഎൻയു മാറുന്നു
രാജ്യത്ത് എക്കാലത്തും മുൻപന്തിയിലുള്ള സർവകലാശാലകളിൽ ഒന്നാണ് ജെഎൻയുവെന്ന് ചുരുക്കപേരിൽ അറിയപ്പെടുന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. ഒരു കലാലയത്തിനപ്പുറം സർഗാത്മകതയുടെയും പ്രതിഭകളുടെയും സംഗമ വേദികൂടിയായിരുന്നു ജെഎൻയു. പലപ്പോഴും ജെഎൻയുവിലെ സമരങ്ങൾ രാജ്യം ചർച്ചചെയ്യുന്നവയായിരുന്നു. വ്യക്തമായ രാഷ്ട്രീയ അവബോധം എക്കാലത്തും പുലർത്തിയിരുന്ന ജെഎൻയു കാമ്പസ് രാജ്യത്ത് തന്നെ പല നിർണായക മാറ്റങ്ങൾക്കും വേദി കൂടിയായിരുന്നു.പക്ഷെ, സംവാദങ്ങളും പ്രക്ഷോഭങ്ങളും ഇന്ന് കാമ്പസിൽ അന്യം നിന്ന് തുടങ്ങിയിരിക്കുന്നുവെന്ന് ഇന്ത്യൻ എക്സപ്രസ് പത്രം നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നു.
സർക്കാരിൻ്റെ ദേശീയ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടതിനൊപ്പം നിരന്തര സംഘർഷങ്ങളുടെയും വ്യവഹാരങ്ങളുടെയും കേന്ദ്രമായി സർവകലാശാല തീർന്നിരിക്കുകയാണത്രെ. ചർച്ചയിലൂടെ സമവായം എന്നാശയം എവിടെയോ കൈമോശം വന്നുപോയി. എന്ത് പ്രശ്‌നത്തിനും കോടതിയെ സമീപിക്കുകയാണ് വിദ്യാർഥികളും അധ്യാപകരും അധികൃതരും ഒരുപോലെ.
2011 മുതൽ 2025 വരെയുള്ള കാലയളവിൽ ജെഎൻയുവിൽ നിന്ന് കോടതി കയറിയ തർക്കങ്ങളുടെ എണ്ണം 600-ലധികമാണ് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജെഎൻയുവിന്റെ ചരിത്രത്തിനുമപ്പുറം രാജ്യത്തെ മറ്റൊരു സർവകലാശാലയിലും കോടതി കയറിയ ഇത്രയധികം തർക്കങ്ങൾ ഉടലെടുത്തിട്ടില്ല.
കേസുകൾ അധികവും 2016-2022 കാലഘട്ടത്തിൽ
ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ 2016 മുതൽ 2022 വരെയുള്ള കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകളിൽ ജെഎൻയുവിൽ നിന്ന് കോടതി കയറിയതെന്ന് വ്യക്തമായി.
2011-2016 കാലത്ത് എസ്‌കെ സോപോരിയുടെ കാലഘട്ടത്തിൽ, ജെഎൻയുവിൽ നിന്ന് 37 കേസുകൾ മാത്രമാണ് കോടതി കയറിയത്. ഇതിൽ മിക്കതും നിയമനം, ഹോസ്റ്റൽ അലോട്ട്‌മെന്റ്, ലൈംഗികാതിക്രമണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്. അഞ്ച് കേസുകൾ മാത്രമാണ് സർവകാലാശയുടെ നയസമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ എത്തിയത്.
2016 മുതൽ 2022 വരെ കാലഘട്ടത്തിൽ, എം ജഗദേഷ് കുമാർ വിസിയായി ചുമതല ഏറ്റെടുത്തതോടെ കേസുകളുടെ എണ്ണം കുത്തനെ വർധിച്ചു. എസ്‌കെ സോപോരിയുടെ കാലഘട്ടത്തേക്കാൾ ജഗദീഷ് കുമാറിന്റെ കാലഘട്ടത്തിൽ കേസുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവാണ് ഉണ്ടായത്. 118 കേസുകളാണ് ഇക്കാലളവിൽ ഉണ്ടായത്. ഇതിൽ 92 കേസുകൾ വിദ്യാർഥികൾ നൽകിയതാണ്. ശേഷിക്കുന്നവ ഫാക്കൽറ്റികൾ ഫയൽ ചെയ്തതാണ്.
2016 ജനുവരിയിൽ ജഗദീഷ് കുമാർ ചുമതലയേറ്റതിനുശേഷമാണ് കാമ്പസിൽ നാടകീയ പരിവർത്തനങ്ങൾ ഉണ്ടായത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യത്തെ വിസി നിയമനമായിരുന്നു ഇത്. പല തീരുമാനങ്ങളും ഇതിനുശേഷം അടിച്ചേൽപ്പിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, വിഷയത്തിൽ ജഗദീഷ് കുമാറിന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
മുൻകാലങ്ങളെ അപേക്ഷി2ച്ച് ഈ കേസുകളിൽ ബഹുഭൂരിപക്ഷവും സർവകലാശാലയുടെ നയങ്ങൾ ചോദ്യം ചെയ്തുള്ളവയായിരുന്നു. പ്രതിഷേധങ്ങൾക്കെതിരെയുള്ള നടപടികൾ, അച്ചടക്ക നടപടികൾ, സംസാരസ്വാതന്ത്ര്യം ചോദ്യം ചെയ്തുള്ള നടപടികൾ തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹർജികളായിരുന്നു ഇതിലേറെയും. അതേസമയം, നിലവിലെ വിസി ശാന്തിശ്രീ ധൂലിപ്പടിന്റെ കാലത്ത് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ആശ വഹാകമായ കാര്യമാണ്.
കോടതിയിൽ നിന്ന് പരിഹാരം
കോടതിയിൽ നിന്ന് മിക്ക കേസുകളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഹർജിക്കാരന് അനുകൂലമായ ഉത്തരവുകൾ വന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നു. എം.ജഗദീഷ് കുമാറിന്റെ കാലത്തെ കേസുകൾ പരിശോധിച്ചാൽ 92 കേസുകളിൽ 40 എണ്ണത്തിലും വിദ്യാർഥികൾക്ക് അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്.
ഇക്കാലയളവിലെ പ്രധാന കേസുകൾ ആയിരുന്നു 2016 ഫെബ്രുവരി ഒൻപതിന് നടന്ന പാർലമെന്റ് ആക്രമണ കേസിൽ അഫ്സൽ ഗുരുവിന്റെ വധശിക്ഷയുടെ വാർഷികാഘോഷ പരിപാടി, 75ശതമാനം ഹാജർ നിയമവുമായി ബന്ധപ്പെട്ട കേസുകൾ, 2017-ലെ ഒക്യുപൈ പരസ്യ തടയൽ പ്രതിഷേധങ്ങൾ, വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ പരിഹരിക്കപ്പെടാത്ത തിരോധാനം തുടങ്ങിയവ. ഇവയിൽ എല്ലാം വിദ്യാർഥികൾക്ക് അനുകൂലമായ നിലപാടാണ് കോടതികളിൽ നിന്ന് ഉണ്ടായത്.
ഇല്ലാതാകുന്ന ജനാധിപത്യം
ജെഎൻയുവിലെ ജനാധിപത്യ ഘടനകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇത്രയധികം കേസുകൾ ഉണ്ടാകാൻ കാരണമെന്ന് ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുരജിത് മജുംദാർ പറഞ്ഞു. നേരത്തെ വിവിധ ചർച്ചകൾക്ക് ഒടുവിലാണ് ഒരുവിഷയത്തിൽ അഭിപ്രായ രൂപീകരണം ഉണ്ടാക്കുന്നത്. അതിനാൽ അന്ന് പരാതികൾ കുറവായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിമാറി. അതോടെ പരാതികൾ കൂടി- സുരജിത് മജുംദാർ പറഞ്ഞു.
2016 ജനുവരിയിൽ ജഗദീഷ് കുമാർ ചുമതലയേറ്റതിനുശേഷമാണ് കാമ്പസിൽ നാടകീയ പരിവർത്തനങ്ങൾ ഉണ്ടായത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യത്തെ വിസി നിയമനമായിരുന്നു ഇത്. പല തീരുമാനങ്ങളും ഇതിനുശേഷം അടിച്ചേൽപ്പിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, വിഷയത്തിൽ ജഗദീഷ് കുമാറിന്റെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

