
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസാധാരണ ഭരണ പ്രതിസന്ധി തുടരുന്നു. വിസിയും സിൻഡിക്കേറ്റും തമ്മിൽ പോരിനെ തുടർന്നുള്ള കസേരകളി തുടരുകയാണ്. വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ സിൻഡിക്കേറ്റ് നിർദ്ദേശ പ്രകാരം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് രാവിലെ തന്നെ ഓഫീസിലെത്തി. വിസിയുടെ പിന്തുണയുള്ള മിനി കാപ്പൻ പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് സർവകലാശാലയിൽ എത്തില്ലെന്നാണ് വിവരം. അതേസമയം, രജിസ്ട്രാർ തർക്കത്തിൽ ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടാകും.
വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ ഉടന്‍ റദ്ദാക്കും എന്നാണ് വിവരം. ഇതിനായുള്ള നടപടി ക്രമങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും. ജോയിൻ്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ ജോയിൻ്റ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.
അതേസമയം, സിൻഡിക്കേറ്റ് ചാൻസലർ പിരിച്ചുവിട്ടാൽ അപ്പോൾ കാണാമെന്ന് മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. സിൻഡിക്കേറ്റ് നിയമന അധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നത സമിതി. വൈസ് ചാൻസലർ റജിസ്ട്രാറെ നിയമിക്കുന്ന ആളല്ല. റജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കേറ്റാണ്. റജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. ഇത് ശരിയായി നടപടിയല്ല. ഗവർണർ സിൻഡിക്കറ്റിനെ പിരിച്ചുവിടുമെന്ന് ഭീഷണി ഉണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിരിച്ചുവിട്ടാൽ അപ്പോൾ കാണാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.