
സംസ്ഥാനത്തിന്റെ തനതു വരുമാനം അടുത്ത വര്‍ഷം ഒരു ട്രില്യണ് മുകളിലെത്തുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി ‑നികുതിയേതര വരുമാനങ്ങളുടെ ആകെത്തുക 54,000 കോടി രൂപയാണെങ്കില്‍ ഈ കഴിഞ വര്‍ഷം അത് 95,000 കോടി രൂപയായിരുന്നുവെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു .അടുത്തവർഷം അത് വൺ ട്രില്യൺ മാർക്ക് കടന്ന് ഒരു ലക്ഷത്തി അയ്യായിരം കോടിയിലേയ്ക്ക് കടക്കുമെന്നും ധനകാര്യമന്ത്രി എന്നനിലയിൽ അഭിമാനത്തോടെയാണ് താനിത് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ ഏകോപനത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിനനുവദിക്കുന്ന കേന്ദ്രഫണ്ടിലുണ്ടായ കുറവിന്റെ കണക്കുകളും അദ്ദേഹം എണ്ണിപ്പറഞ്ഞു. സാമ്പത്തികമായി കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നു എന്ന് താൻ പറഞ്ഞപ്പോൾ ധനകാര്യമന്ത്രിയായി വന്നപ്പോൾ വേണ്ടത്ര പരിചയമില്ലാത്തതതുകൊണ്ട് പറയുകയാണെന്ന് പലരും പറഞ്ഞിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നൂറ് രൂപ സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ രണ്ടര രൂപ കേരളത്തിന് കിട്ടിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അത് 1.90 രൂപ ആയി ചുരുങ്ങി.
ഇതനുസരിച്ച് ഈ വർഷം കിട്ടിയത് 24,000 കോടി രൂപയാണ്. ഒരു ശതമാനം മാറുമ്പോഴുള്ള വ്യത്യാസം അതനുസരിച്ച് പതിനായിരം കോടിയുടെ കണക്കിലാണ്. കേരളത്തിന് ശുചിമുറികൾ ആവശ്യമില്ല, സ്കൂളുകൾ ആവശ്യമില്ല, റോഡുകൾ ആവശ്യമില്ല എന്നൊക്കെ പറഞ്ഞ് ഇത്തരത്തിൽ ഫിനാൻസ് കമ്മീഷൻ വെട്ടിക്കുറച്ചത് പതിനായിരം കോടിയോളം രൂപയാണെന്നും മന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.2021–22 ൽ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ജിഎസ്ടി കോമ്പൻസേഷൻ എന്നീ കണക്കുകളിലായി സംസ്ഥാന സർക്കാരിന് ലഭിച്ചത് 33,000 കോടി രൂപയാണെങ്കിൽ ഈ വർഷം അത് ആറായിരം കോടി രൂപ മാത്രമാണ്. മുപ്പത്തിമൂവായിരം കോടി കിട്ടുന്നിടത്ത് ആറായിരം കോടി ആയാൽ ശമ്പളം കൊടുക്കാൻ പറ്റുമോ, വഴി വൃത്തിയാക്കാൻ പറ്റുമോ, ടാർ ചെയ്യാൻ കഴിയുമോ, യൂണിവേഴ്സിറ്റി ആണെങ്കിൽ വർക്ക് ചെയ്യാൻ കഴിയുമോ അതെല്ലാം കുറഞ്ഞിട്ട് കേരളം എങ്ങനെയാ പിടിച്ച് നിന്നത് അദ്ദേഹം ചോദിച്ചു.
ഇതോടൊപ്പം കടമെടുക്കാനുള്ള പരിധിയും വെട്ടിക്കുറച്ചതോടെ ഏകദേശം അമ്പതിനായിരം കോടി രൂപയുടെ കുറവാണ് വാർഷിക വരുമാനത്തിലുണ്ടായത്. തനത് വരുമാനം ഗണ്യമായി വർധിപ്പിച്ചുകൊണ്ടാണ് ഈ കാലയളവിൽ സംസ്ഥാനം ഇതിനെ അതിജീവിച്ചതെന്ന് മന്ത്രി പറഞ്ഞു.