
കേരളത്തിൻ്റെ പെരുമ ഇനി ആഗോള സ്പിരിറ്റ് വിപണിയിലും; സ്വർണ്ണത്തിളക്കവുമായി കൊടുങ്ങല്ലൂരുകാരൻ്റെ ആയുർവേദ വോഡ്ക
പുരാതന കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ ആഗോള കേന്ദ്രമായിരുന്ന മുസിരിസിൻ്റെ മണ്ണിൽ നിന്ന് മറ്റൊരു വിസ്മയം കൂടി ലോകത്തിൻ്റെ നെറുകയിലെത്തുന്നു. യുവ സംരംഭകനായ മിഥുൻ എം. വികസിപ്പിച്ചെടുത്ത ‘ആയുർവോഡ്’ (Ayurvod) എന്ന ഹെർബൽ ലിക്കർ, 2025-ലെ വാർസോ സ്പിരിറ്റ്സ് മത്സരത്തിൽ (Warsaw Spirits Competition) സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യൻ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ വോഡ്ക അധിഷ്ഠിത പാനീയം യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരങ്ങളിലൊന്നിലാണ് ഈ നേട്ടം കൈവരിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ സ്പിരിറ്റ്സ് മത്സരങ്ങളിലൊന്നായ ഈ വേദിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ-പ്രചോദിത ഹെർബൽ ലിക്വർ ബ്രാൻഡുകളിൽ ഒന്നാണ് ആയുർവോഡ്.
ഇന്ത്യയുടെ ആയുർവേദ പഴമയും രുചിയും വിദേശനാവുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭവത്തെ കൊണ്ട് അർത്ഥമാക്കുന്നത് എന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ച് വിദേശത്ത് മദ്യം പല ആയുർവേദ പോലുള്ള ഉത്പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാൽ അവ വിപണിയിലെത്തുന്നത് ആ രാജ്യങ്ങളുടെ പേരിലാണ്. എന്നാൽ എന്തുകൊണ്ട് ആ വിഭവങ്ങൾ ഉപയോഗിച്ച് ഇത്തരത്തിൽ ഒന്ന് ഇന്ത്യയുടെ പേരിൽ ഇറക്കിക്കൂടാ എന്ന ആശയമാണ് ഇത്തരത്തിൽ ഒരു ഉല്പന്നത്തിന്റെ പിറവിയ്ക്ക് പിന്നിൽ. അതുവഴി ഇന്ത്യയുടെ പെരുമ ആളുകളിൽ എത്തിക്കാൻ കഴിയും.
കൊടുങ്ങല്ലൂർ സ്വദേശിയാണ് ആയുർവോഡിന്റെ സ്ഥാപകൻ മിഥുൻ മോഹൻ. ആയുർവേദത്തിന്റെ ജന്മനാടായ ഇന്ത്യയിൽ നിന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ബൊട്ടാണിക്കൽ ലിക്കർ ബ്രാൻഡ് ഇല്ലെന്ന വിടവ് നികത്താനാണ് താൻ ആയുർവോഡ് വികസിപ്പിച്ചതെന്ന് മിഥുൻ വ്യക്തമാക്കുന്നു. ഇന്ത്യൻ സസ്യശാസ്ത്ര വിജ്ഞാനവും പോളണ്ടിന്റെ ലോകോത്തര വോഡ്ക വാറ്റിയെടുക്കൽ വൈദഗ്ധ്യവും സമന്വയിപ്പിച്ചാണ് ആയുർവോഡ് തയ്യാറാക്കിയിരിക്കുന്നത്. ആധുനിക അന്താരാഷ്ട്ര ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നിർമ്മിച്ച ഈ പാനീയം, ഇന്ത്യൻ ഔഷധ ഗുണങ്ങൾക്കും ജ്ഞാനത്തിനും ലോക വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്.
യൂറോപ്പിലെ മത്സരത്തിൽ നേടിയ ഈ സ്വർണ്ണ നേട്ടം ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെയും ആഗോള സാധ്യതയെയും ശരിവെക്കുന്നുവെന്നും, ഈ യാത്രയുടെ തുടക്കം മാത്രമാണിതെന്നും മിഥുൻ തന്റെ കുറിപ്പിൽ പറയുന്നു. മുസിരിസിന്റെ പാരമ്പര്യം ആഗോള ബ്രാൻഡുകളിലൂടെ പുനർജനിക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.
മിഥുന്റെ ഈ നേട്ടത്തിന് സമാനമായി മറ്റൊരു മലയാളി സംരംഭകനും വിദേശ മണ്ണിൽ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. കാനഡയിൽ തരംഗമായി മാറിയ ‘മന്ദാകിനി’ എന്ന ക്രാഫ്റ്റ് റം (Malabari Vaatt) ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളി സംരംഭകനായ എബിൻ പ്രഭു വികസിപ്പിച്ചെടുത്ത ഈ ബ്രാൻഡ്, കേരളത്തിലെ തനത് രുചികളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്. കാനഡയിലെ ഓന്റാരിയോയിലുള്ള എൽ.സി.ബി.ഒ സ്റ്റോറുകൾ വഴി വിപണനം ചെയ്യുന്ന ഈ മദ്യം പ്രവാസികൾക്കിടയിലും വിദേശികൾക്കിടയിലും ഒരുപോലെ പ്രിയങ്കരമായി മാറി.
