
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസില്‍ പ്രാഥമിക അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ തന്നെ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ററായ എം എം ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് വിശദ അന്വേഷണത്തിനായി ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോക്ടര്‍ പ്രിയദയെ ചുമതലപ്പെടുത്തിയത്.
ഈ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള സ്ഥാപനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.