
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് 40 ഇന്ത്യാക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പലരുടേയും നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി .പ്രത്യേക ഹെൽപ്‌ലൈൻ എംബസി ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യപ്പെടുന്നവർ +965–65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്.
അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് മദ്യം കഴിച്ചവരാണ് ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിഷമദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. മരിച്ചവരുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യനിർമാണത്തിനെതിരെ അധികൃതർ കടുത്ത നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽനിന്നായി മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ, രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.