Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന മഹനീയമായ ചടങ്ങ് ഒക്റ്റോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും.

ആയിരക്കണക്കിന് പ്രേക്ഷകപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

പരിപാടിയുടെ ഒരുക്കങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാനും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും വിലയിരുത്തി. പോലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ട്. കാലാവസ്ഥ പരിഗണിച്ചാണ് സ്റ്റേഡിയത്തിലെ പന്തൽ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ് എംപി, ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവ്വശി, മീന, മീര ജാസ്മിൻ, രഞ്ജിനി, കെ. മധു (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), പ്രേംകുമാർ (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ. മധുപാൽ (ചെയർപേഴ്സൻ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്), പ്രിയദർശനൻ പി.എസ്. (മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), സി. അജോയ് (സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി) തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിനെ തുടർന്ന് നടക്കുന്ന മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ ടി. കെ. രാജീവ് കുമാറാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. മോഹൻലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രമണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിക്കും. കലാമണ്ഡലം വിനോദിന്റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹൻ ചെണ്ടയും വായിക്കും.

തുടർന്ന് മോഹൻലാലിന്റെ കലാസപര്യക്ക് ആദരമായി മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാർച്ചന ‘രാഗം മോഹനം’ അരങ്ങേറും. എം ജി ശ്രീകുമാറിന്റെ ഗാനത്തോടെ തുടങ്ങുന്ന ‘രാഗം മോഹനത്തിൽ ’ തുടർന്ന് ഗായിക സുജാതയുടെ നേതൃത്വത്തിൽ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നീ ഗായികമാരും ഗാനാർച്ചന നടത്തും. തുടർന്ന് മോഹൻലാലും ഗാനം ആലപിക്കും.

മോഹൻലാലിന് ആശംസകൾ അർപ്പിക്കാൻ അദ്ദേഹത്തിന്റെ നായികമാരായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ അഭിനേത്രിമാരായ ശോഭന, മീന, ഉർവശി, മേനക, മാളവിക മോഹൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽ സലാമിൽ’ പങ്കെടുക്കും.

കേരള സർക്കാരിനുവേണ്ടി കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും.

വാർത്താസമ്മേളനത്തിൽ കെ. മധു (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), പ്രേംകുമാർ (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ. മധുപാൽ (ചെയർപേഴ്സൻ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്), ടി.കെ. രാജീവ് കുമാർ എന്നിവരും പങ്കെടുത്തു.

Back To Top