
കോതമംഗലം നഗരസഭയിൽ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
ജനിക്കുന്നതിനും ജീവിക്കുന്നതിനും സമാനമായി അഭിമാനത്തോടെ മരിക്കാനും മരണാനന്തര ചടങ്ങുകൾ നിറവേറ്റാനും മനുഷ്യന് അവകാശമുണ്ട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയിൽ ഒരുക്കുന്ന ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓരോന്നിലും ഇടപെട്ടുകൊണ്ടാണ് കോതമംഗലം നഗരസഭയുടെ പ്രവർത്തനം. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ കോതമംഗലം എം.എൽ.എയുടെയും നഗരസഭ ഭരണസമിതിയുടെയും വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.
കോതമംഗലത്തിന്റെ കാലങ്ങളായുള്ള ആവശ്യമായ ആധുനിക പൊതു ശ്മശാനം നിർമ്മിക്കാൻ നാല് കോടിയോളം രൂപയുടെ പദ്ധതിക്ക് സർക്കാരിൻ്റെയും കിഫ്‌ബിയുടെയും അനുമതിയും അംഗീകാരവും ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
പദ്ധതിക്കായി എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കോടി രൂപ വകയിരുത്തി
ശ്മശാനത്തിന്റെ ഭാഗത്തേക്കുള്ള റോഡുകളുടെ നവീകരണത്തിനുള്ള നടപടികളും പൂർത്തികരിച്ചിട്ടുണ്ട്. നഗരസഭ 2025-2026 വാർഷിക പദ്ധതിയിൽ ശ്മശാനത്തിന് ചുറ്റുമതിൽ നിർമ്മാണത്തിനായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കോതമംഗലം നഗരസഭയിലെ ആറാം വാർഡിൽ 65 സെൻ്റ് സ്ഥലത്ത് ഒരേ സമയം 2 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന വിധത്തിലും ബന്ധുക്കൾക്ക് അവരുടെ ആചാര അനുഷ്ഠാനങ്ങൾ പ്രകാരമുള്ള കർമ്മങ്ങൾ നടത്തുന്നതിനുള്ള സൗകര്യത്തോടും കൂടിയ ആധുനിക ഗ്യാസ് ക്രിമറ്റോറിയമാണ് നിർമ്മിക്കുന്നത്.
കോതമംഗലം നഗരസഭ കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച നിർമ്മാണോദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ ടോമി, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി ജോർജ്, വാർഡ് കൗൺസിലർ സിജോ വർഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.എ ജോയി, പി.റ്റി ബെന്നി, ഷമീർ പനയ്ക്കൽ, എൻ.സി ചെറിയാൻ, മനോജ് ഗോപി, പി.എം മൈതീൻ, സിന്ധു പ്രവീൺ, എ.റ്റി പൗലോസ്, അഡ്വ. മാത്യു ജോസഫ്, ഷാജി പീച്ചക്കര, സാജൻ അമ്പാട്ട്, ബേബി പൗലോസ്, ആന്റണി പുല്ലൻ, തോമസ് തോമ്പ്രയിൽ, വിവിധ മത – സാമുദായിക സംഘടന പ്രതിനിധികളായ അജി നാരായണൻ, പി.എ സോമൻ, അഡ്വ. രാധാകൃഷ്ണൻ, കെ.പി നരേന്ദ്രൻ നായർ, കെ.എ ഗോപാലൻ, വി.എ ഷാജു, പി.കെ സുകുമാരൻ , എം.കെ അശോകൻ, എം.എൻ ശശി, കുട്ടൻ ഗോപാലൻ, അനിൽ, വേലായുധൻ, അബ്ദുൾ സലാം മൗലവി, ഫാ.ജോസ് മാത്യു, ഫാ. എൽദോസ് പുൽപറമ്പിൽ, കെ.ജി ശ്രീകുമാർ, ഫാ. മാത്യു കൊച്ചുപുരക്കൽ, മുനിസിപ്പൽ എഞ്ചിനീയർ വി.ജിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.