
അടച്ചുപൂട്ടിയ സ്പാ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റേത്; ബിജെപിയിൽ കലഹം
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പര്‍ശന്‍ സ്പാ മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തി അടച്ചുപൂട്ടിച്ചത് ബിജെപിക്കു തന്നെ തിരിച്ചടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ ലാലിന്റെ അച്ഛൻ എസ് മനോഹരന്റെ പേരിലാണ് അടപ്പിച്ച സ്പായുടെ ലൈസന്‍സ്. ലൈസൻസ് അച്ഛന്റെ പേരിലാണെങ്കിലും ഷൈന്‍ ലാലാണ് നടത്തിപ്പുകാരൻ. ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സ്പായുടെ അടച്ചുപൂട്ടലിന് പിന്നിലെന്നാണ് സംസാരം.
ജോലി അഭിമുഖത്തിന് എത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പായിൽ പരിശോധന നടത്തിയതെന്നാണ് മേയർ പറഞ്ഞത്. ഇവിടെ മസാജ് ചെയ്യുന്ന ട്രെയിനർമാരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോ ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ രേഖയോ ലഭിച്ചിരുന്നില്ല.
തുടർന്ന് സ്പര്‍ശന്‍ സ്പായുടെ പ്രീമിയം വിഭാഗം അടച്ചു പൂട്ടി. സ്വന്തം പാർടിക്കാരന്റെ സ്പായാണ് കോർപറേഷന്റെ ആരോഗ്യ വിഭാഗം പൂട്ടിയതെന്ന് അറിഞ്ഞതോടെ വി വി രാജേഷ് വെട്ടിലായി. ഉന്നത ബിജെപി നേതാക്കളുടെ വിളിയെത്തിയപ്പോഴേക്കും സ്പായുടെ വാർത്തകളും ചിത്രങ്ങളും ചാനലുകളിലൂടെ പുറത്തുവന്നിരുന്നു.
