Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

എംഎസ്‌സി എൽസ 3 കപ്പൽച്ചേതം കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടക്കെണിയിലും ദുരിതത്തിലുമാക്കിയതായി ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട്. മത്സ്യത്തൊഴിലാളി യൂണിയനുകൾ, സഭാ നേതാക്കൾ, ഗ്രീൻപീസ് ഇന്ത്യ എന്നിവരുൾപ്പെടെയുള്ള സിറ്റിസൺ ഗ്രൂപ്പുകൾ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഗ്രീൻപീസ് ഇന്ത്യ തയ്യാറാക്കിയ “തകർന്ന ഭാവി; എംഎസ്‌സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ” എന്ന റിപ്പോർട്ട് പുറത്തിറക്കി. പുല്ലുവിള ഗ്രാമത്തിലെ കേസ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കപ്പൽച്ചേതത്തിന് ശേഷം മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് നിത്യവൃത്തിക്കുള്ള വരുമാനം നേടാനാകുന്നില്ലെന്നും പറയുന്നു.

തിരുവനന്തപുരത്തെ കരുംകുളം ഗ്രാമപഞ്ചായത്ത്, കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചർ ഫോറം (സിഎസ്‌സിഎഫ്) എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് കപ്പൽച്ചേതത്തിന് ശേഷം പുല്ലുവിളയിലെ ശരാശരി മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രതിമാസം 25,000 മുതൽ 35,000 രൂപയുടെ വരെ നഷ്ടം സംഭവിച്ചതായി പറയുന്നു. ശരാശരി 25,000 രൂപ വിലയുള്ള വലകളുടെ കേടുപാട് തീർക്കലുൾപ്പെടെ മത്സ്യബന്ധനം പഴയരീതിയിൽ പുനരാരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്നതായും അതിനാൽ പല കുടുംബങ്ങളും തിരിച്ചടയ്ക്കാൻ കഴിയാത്ത കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നതായും റിപ്പോർട്ട് പറയുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികളും വർദ്ധിച്ചുവരുന്ന കടബാധ്യതകളും ദീർഘകാല പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കുന്നു. സ്കൂൾ, കോളേജ് ഫീസ് അടയ്ക്കാൻ കുടുംബങ്ങൾ പുതിയ വായ്പകളെടുക്കാൻ നിർബന്ധിതരാകുന്നതായും റിപ്പോർട്ടിലുണ്ട്.

പ്രതിദിനം കുറഞ്ഞത് 3,000 രൂപ വരെ അറ്റാദായം നേടിയിരുന്ന മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് കടലിലെ മത്സ്യങ്ങളെ മലിനീകരണം ബാധിച്ചതായുള്ള ഉപഭോക്താക്കളുടെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വിൽപ്പനയിൽ ഗണ്യമായി കുറവ് വന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. “പ്ലാസ്റ്റിക്, കണ്ടെയ്നർ അവശിഷ്ടങ്ങൾ കാരണം എന്റെ വലകൾക്കും എഞ്ചിനുമുണ്ടായ കേടുപാടുകൾക്ക് 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് ഞാൻ ഫിഷറീസ് വകുപ്പിന് കത്തയച്ചിരുന്നു. ഇപ്പോൾ അധിക ചെലവുകൾ കാരണം എനിക്ക് എന്റെ ബോട്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. അതോടെ കുറഞ്ഞ വരുമാനത്തിൽ മറ്റൊരു ബോട്ടിൽ എനിക്ക് ജോലി ചെയ്യേണ്ടി വന്നു,” പുല്ലുവിള പഞ്ചായത്തിലെ 43-കാരനായ മത്സ്യത്തൊഴിലാളി ഡെൻസൺ പറഞ്ഞു. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, മലിനീകരണം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ, ഉപജീവന മാർഗങ്ങൾ കണ്ടെത്തൽ എന്നിവയുമായി ബന്ധപ്പെട്ട് 9,531 കോടി രൂപ ആവശ്യപ്പെട്ട് കേരള സർക്കാർ അഡ്മിറൽറ്റി കേസ് ഫയൽ ചെയ്തിട്ടുണ്ട്.

അർഹരായവർക്ക് പ്രാദേശിക തലങ്ങളിൽ തങ്ങളുടെ ക്ലെയിമുകൾ ഫയൽ ചെയ്യാൻ അനുവദിക്കുന്നതിന് സംസ്ഥാനതലത്തിൽ ശരിയായ സംവിധാനവും ക്ലെയിം ഇൻഫ്രാസ്ട്രക്ചറും ഉണ്ടായിരിക്കണമെന്നും ഇത് എല്ലാവർക്കും കൂടുതൽ നീതിയുക്തവും ആക്സസ് ലഭിക്കുന്നതുമായ നഷ്ടപരിഹാര പ്രക്രിയ ഉറപ്പാക്കുന്നതായും വികാരി ജനറലും ലീഗൽ ആക്ടിവിസ്റ്റുമായ റവ യൂജിൻ എച്ച് പെരേര പറഞ്ഞു. വരുമാന നഷ്ടത്തിനപ്പുറം കാലാവസ്ഥാ വ്യതിയാനത്തിന് ഇതിനകം തന്നെ കൂടുതൽ ഇരയാകാൻ സാധ്യതയുള്ള ഒരു വിഭാഗത്തിൽ ഈ നാശനഷ്ടങ്ങൾ സ്ഥിരമായ ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുള്ളതായി കരുംകുളം ഗ്രാമപഞ്ചായത്ത് അംഗവും സിഎസ്‌സിഎഫ് പ്രസിഡന്റുമായ റെതിൻ ആന്റണി പറഞ്ഞു. നിയമ-നയ സംവിധാനങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് നഷ്ടപരിഹാരം കുറയ്ക്കാൻ കപ്പൽ കമ്പനിയെ അനുവദിക്കരുതെന്ന് ഗ്രീൻപീസ് ഇന്ത്യയിലെ ക്ലൈമറ്റ് ക്യാംപെയ്നർ അമൃത എസ് എൻ പറഞ്ഞു. ഇത് ഒരു ഗ്രാമത്തെക്കുറിച്ച് മാത്രമല്ല, ദുരിതബാധിത പ്രദേശങ്ങളിലുടനീളമുള്ള തീരദേശ ഗ്രാമങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണെന്ന് കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ പറഞ്ഞു.

Back To Top