
തിരുവനന്തപുരം: പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസില്‍ നിന്ന് സംരക്ഷണം തേടേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പോലീസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക എന്ന ആവശ്യമുയര്‍ത്തി എസ്ഡിപിഐ സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായി പോലീസ് സേന മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് അരാജകത്വം സൃഷ്ടിക്കും. ആദ്യം അധികാരം ലക്ഷ്യമിട്ട പിണറായി വിജയന്‍ പിന്നീട് തുടര്‍ ഭരണവും ഇപ്പോള്‍ തുടര്‍ച്ചയായ ഭരണത്തിനും ശ്രമിക്കുകയാണ്. അതിനായി പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തെയും പാര്‍ട്ടിയെയും കുരുതി കൊടുക്കുകയാണ്. പൗരാവകാശ ലംഘകരും മര്‍ദ്ദകരുമായ ക്രിമിനലുകളെ പോലീസ് സേനയില്‍ നിന്നു പുറത്താക്കി സേനയെ ശുദ്ധമാക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. പോലീസിനെ മര്‍ദ്ദനോപാധിയായി ഉപയോഗിക്കുക എന്നത് എല്ലാ ഏകാധിപതികളുടെയും ശൈലിയാണെന്നും ഏകാധിപതികളുടെ അന്ത്യം അപമാനകരമായിരിക്കുമെന്നും ധര്‍ണയില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എം എം താഹിര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, വി എം ഫൈസല്‍, ടി നാസര്‍, ഡോ. സി എച്ച് അഷറഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന സംസാരിച്ചു.