നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂർത്തിയായതിന് പിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
അൻവറിന്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത്. എം സ്വരാജിനെ മുന്നിൽ നിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഏറ്റവും ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാന്ദി കുറിക്കുന്നതാകും തെരഞ്ഞെടുപ്പ്. നിലമ്പൂരിൽ മത്സരം യുഡിഎഫുമായി തന്നെയാണ്. അൻവറിന്റെ വിഷയം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. പുറത്തു കാണുന്ന തർക്കമല്ല, അതിനപ്പുറമുള്ള തർക്കങ്ങൾ യുഡിഎഫിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19-ന് ആണ്. ജൂൺ 23-ന് തന്നെ ഫലമറിയാം. എം എൽ എ പി വി അൻവര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലെയും തെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.