
ഓപറേഷൻ ബ്ലൂസ്റ്റാർ തെറ്റായ തീരുമാനമായിരുന്നു, ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവന്‍ നൽകേണ്ടിവന്നു; പി ചിദംബരം
1984‑ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. എന്നാൽ ഈ തെറ്റിന്റെ പേരിൽ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, ആ തീരുമാനത്തിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ, പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷോട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം
അതെ സമയം പല മുതിർന്ന കോൺഗ്രസ് നേതാക്കളും ചിദംബരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തു വന്നു.ഓപറേഷൻ ബ്ലൂ സ്റ്റാർ വിഡ്ഢിത്തമായിരുന്നുവെന്ന് കോൺഗ്രസിന് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നുവെന്ന് ബിജെപി പരിഹസിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തിന്റെ ഫലമായാണോ എന്ന് കോൺഗ്രസ് പറയുമോ എന്നായിരുന്നു ബിജെപി വക്താവ് അമിത് മാളവ്യയുടെ പ്രതികരണം. വിഷയം രാഷ്ട്രീയ ആയുധമാക്കി ഉയർത്താനാണ് ബിജെപിയുടെ ശ്രമം.
1984‑ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നുവെന്നായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നില്ല. സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നു- അദ്ദേഹം പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഏതെങ്കിലും സർവീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിക്കുന്നില്ല, പക്ഷേ സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അതെന്നും മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ അകറ്റി നിർത്തി സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുതന്നുവെന്നും ചിദംബരം പറയുന്നു.