
തിരുവനന്തപുരം: ഗവേഷ വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിച്ച കേരള സര്‍വകലാശാലയിലെ സംസ്‌കൃതം വകുപ്പു മേധാവി ഡോ. സി എന്‍ വിജയകുമാരിയെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. വംശീയതയും ജീര്‍ണിച്ചു നാറുന്ന ജാതീയതയും മനസില്‍ താലോലിക്കുന്ന ജാതി കോമരങ്ങളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമാണ്. ഈ അധ്യാപികയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കപ്പെട്ട് പലരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. നിരവധി പരാതികള്‍ മുമ്പും ഉയര്‍ന്നു വന്നിരുന്നെങ്കിലും കൃത്യമായ അന്വേഷണം നടത്താനോ നടപടികളെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. വംശീയത മൂത്ത് മറ്റുള്ളവര്‍ മുറിയില്‍ കയറിയാല്‍ ശുദ്ധീകരണം വരെ നടത്തുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യത്വ വിരുദ്ധതയുടെ ആള്‍രൂപമാണ് ഈ അധ്യാപിക. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്നാക്ഷേപിക്കുന്ന ഇവര്‍ ശിരോവസ്ത്രം ധരിക്കുന്നവരെയും അധിക്ഷേപിച്ചിരുന്നു. സംഘപരിവാരത്തിന്റെ കളിത്തോഴനായ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചേര്‍ന്നു നിന്ന് അനര്‍ഹമായി പല സ്ഥാനമാനങ്ങളും ഈ അധ്യാപിക നേടിയെന്ന ഗവേഷക വിദ്യാര്‍ഥിയുടെ തുറന്നുപറച്ചിfcല്‍ ഗൗരവതരമാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് ഈ വംശീയാധിക്ഷേപങ്ങള്‍ക്ക് പിന്തുണയും ഊര്‍ജ്ജവും ലഭിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ഭാഷ പഠിക്കുന്നതിന് ജാതി തടസ്സമാകുന്നു എന്നത് അപരിഷ്‌കൃതമാണ്. നവോഥാനവും പുരോഗമനവും കേവലം വായ്ത്താരി മാത്രമാകുന്നു എന്ന തിരിച്ചറിവാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്. എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി നേരിട്ട വംശീയ വിവേചനം നാം മറന്നിട്ടില്ല. രാജ്യത്തുടനീളമുള്ള ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ജാതീയമായ വിവേചനം, സാമൂഹികമായ ഒറ്റപ്പെടുത്തല്‍, മാനസിക പീഡനം എന്നിവ നേരിടുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് സമീപകാലത്ത് പുറത്തുവരുന്നത്. ന്യൂനപക്ഷ, ദലിത്, ആദിവാസി വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍ക്ക് പിന്നില്‍ സ്ഥാപനപരമായ ജാതി വിവേചനം ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.

