
ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ അടുപ്പക്കാരൻ; യുവതിയെ ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ അടുത്ത സുഹൃത്ത് സഹായിച്ചതായി വിവരം. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ വ്യവസായി ആണെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച സൂചന. ഗർഭഛിദ്രത്തിനായി ഇയാളും യുവതിയെ ഭീഷണിപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ ഇയാളും അന്വേഷക സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം, രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കൽ തുടരുകയാണ്. 10 പേരുടെ മൊഴിയാണ് അന്വേഷക സംഘം രേഖപ്പെടുത്തിയത്. അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസിൽനിന്ന് രക്ഷപ്പെടാനാണ് രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നത്. മാധ്യമങ്ങളിലും സമൂഹമാധ്യങ്ങളിലും വെളിപ്പെടുത്തൽ നടത്തിയ മൂന്ന് അതിജീവിതകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ ഡിവൈഎസ്‌പി ഷാജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദേശം അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങളിൽ പിന്തുടര്‍ന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.