
വിമനാപകടത്തിൽ മരണമടഞ്ഞ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ ബന്ധുക്കള്‍ അഹമ്മദാബാദില്‍ എത്തി. ഇവര്‍ ആശുപത്രിയിലേക്ക് പോയശേഷം അവിടെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കേണ്ടതുണ്ട്. സഹോദരന്‍ രതീഷും മറ്റൊരു ബന്ധു ഉണ്ണികൃഷ്ണനുമാണ് എത്തിയത്. കൊച്ചിയില്‍ നിന്നും മുംബൈ വഴിയാണ് വിമാനം മാര്‍ഗ്ഗം അഹമ്മദാബാദിലെത്തിയത്. ബന്ധുക്കള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
രഞ്ജിതയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ പിരിച്ചുവിട്ടേക്കും. എ പവിത്രന്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. സര്‍ക്കാരിന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കി. ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡിലാണ്.
നിരന്തരം അച്ചടക്കം ലംഘിക്കുകയും ആളുകളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്നാണ് റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് നടപടി ഏറ്റുവാങ്ങിയ ആളാണ് പവിത്രന്‍.