
ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിൻ്റെ മൊഴിയെടുക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളികളും വാതിലുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം പ്രമുഖ വ്യക്തികളിലേക്ക് നീങ്ങുന്നു. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, നടൻ ജയറാമുൾപ്പെടെയുള്ള പ്രമുഖരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തും.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയ കട്ടിളപ്പാളികളും ശ്രീകോവിൽ വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല പ്രമുഖരുടെയും വീടുകളിലെത്തിച്ച് പൂജ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നടൻ ജയറാമിൻ്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് മൊഴിയെടുക്കുന്നത്. 2019-ൽ നടന്ന ഈ പൂജയിൽ ഗായകൻ വീരമണിയുൾപ്പെടെ പങ്കെടുത്തതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
അതേസമയം, കേസിൽ അറസ്റ്റിലായ എ പത്മകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന എൻ വിജയകുമാർ, കെ പി ശങ്കരദാസ് എന്നിവരെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകുമെന്നും ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നുമാണ് സൂചന.
കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്ന കാര്യത്തിൽ പത്മകുമാർ ആദ്യം ഇടപാടുകൾ നടത്തിയത് ഇവരുമായിട്ടായിരുന്നു. പാളികൾ സ്വർണം പൂശാൻ നൽകിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് മുൻപ് ഒരിക്കൽ ചോദ്യം ചെയ്ത ഇരുവരേയും എസ്‌ഐടി വീണ്ടും അന്വേഷണ വലയത്തിലാക്കിയത്.

