ഈ വര്‍ഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് സുസജ്ജമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. നിലയ്ക്കലില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ വിവിധ വകുപ്പുകളുടെ സുരക്ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. തീര്‍ഥാടനം സുഗമമാക്കുന്നതില്‍ പോലീസിന്റെ പങ്ക് പ്രധാനമാണ്. സന്നിധാനം, പമ്പ നിലയ്ക്കല്‍ എന്നീ മൂന്നു മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം. എഡിജിപി ( ക്രമസമാധാനം) പി വിജയനാണ് ശബരിമല പോലീസ് നോഡല്‍ ഓഫീസര്‍. 10 മുതല്‍ 12 ദിവസം വരെ ദൈര്‍ഘ്യമുള്ള ആറ് ഘട്ടങ്ങളായാണ് പോലീസ് വിന്യാസം. ഓരോ ഘട്ടത്തിലും മൂന്നു സ്ഥലങ്ങളിലും എസ് പി റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെയും അഡീഷണല്‍ എസ്പി, സീനിയര്‍ ഡിവൈഎസ്പി റാങ്കിലുള്ള അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസറെയും നിയോഗിക്കും. എരുമേലിയില്‍ തിരക്ക് നിയന്ത്രണം, വാഹനങ്ങളുടെ പാര്‍ക്കിംഗ്, ട്രാഫിക് നിയന്ത്രണം എന്നിവയ്ക്കായി നടപടി സ്വീകരിക്കും.
പരമ്പരാഗത പാതകളായ എരുമേലി – പമ്പ, വണ്ടിപ്പെരിയാര്‍ – പുല്‍മേട്, വണ്ടിപ്പെരിയാര്‍ – സ്‌പെന്‍സര്‍ ജംഗ്ഷന്‍ -ശബരിമല എസ്റ്റേറ്റ് – സത്രം – പുല്ലുമേട്, സത്രം – വള്ളക്കടവ് – കാക്കിക്കവല – വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്ന ഉപ്പുപാറ, പുല്ലുംപാറ, കോഴിക്കാനം, മുക്കുഴി, കാളകെട്ടി, അഴുത, സത്രം, പരുന്തന്‍പാറ എന്നിവിടങ്ങളിലും ആവശ്യമായ പോലീസ് സാന്നിധ്യം ഉറപ്പാക്കും.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ സിസിടിവി സംവിധാനം ശക്തമാക്കും. സന്നിധാനം, പമ്പ എന്നിവടങ്ങളലെ കെട്ടിടങ്ങളുടെയും താല്‍ക്കാലിക ഷെഡുകളുടെയും ഫിറ്റ്‌നെസ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. നിലയ്ക്കലിലെ റോഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവയുടെ അറ്റകുറ്റപണി ദേവസ്വം ബോര്‍ഡ് അടിയന്തരമായി പൂര്‍ത്തിയാക്കണം. പുല്ലുമേട്ടിലും മറ്റ് അപകട സാധ്യതയുള്ള ഇടങ്ങളിലും ആരോഗ്യവകുപ്പിന്റെയും അഗ്നി സുരക്ഷ വകുപ്പിന്റെയും സേവനം ഉറപ്പാക്കും. കേരളത്തിന് പുറത്തുനിന്നെത്തുന്ന തീര്‍ഥാടകര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനിലും റിസപ്ഷന്‍ ഓഫീസ് ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പഴകുളം മധു എം എല്‍ എ അധ്യക്ഷനായി. ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി (ക്രമസമാധാനം) യും ശബരിമല പോലീസ് നോഡല്‍ ഓഫീസറുമായ പി വിജയന്‍, എഡിജിപി (ഇന്റലിജിന്‍സ് ) ദിനേന്ദ്ര കശ്യപ്, ദക്ഷിണമേഖല ഐ ജി പി പ്രകാശ്, പത്തനംതിട്ട ജില്ലാ കല്ലക്ടര്‍ എ നിസാമുദ്ദീന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, പത്തനംതിട്ട എസ് പി ആര്‍ ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍കുമാര്‍, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
