
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് ശബരിമല പാതയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ നിർണ്ണായക തീരുമാനങ്ങളുമായി വനം വകുപ്പ്. വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീർത്ഥാടകർക്കായി വിവിധ പദ്ധതികൾക്ക് രൂപം നൽകി.കൊയിക്കക്കാവ്–കാളകെട്ടി റൂട്ടിൽ കൂടുതൽ ശൗചാലയ സൗകര്യം ഏർപ്പെടുത്തുന്നതിന് തീരുമാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗിച്ച് വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ കോട്ടയം ജില്ലാ ഭരണകൂടം നിർമ്മിക്കുന്ന ശൗചാലയത്തിന് വേണ്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കും. ചക്കുപാലത്ത് ഒരു ഏക്കർ സ്ഥലത്ത് പാർക്കിംഗിന് സൗകര്യമൊരുക്കും. പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തി ഒരു പുതിയ വാച്ച് ടവർ കൂടി നിർമ്മിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കും സംഘത്തിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ളാഹ ഫോറസ്റ്റ് ബംഗ്ലാവിൽ ആവശ്യമായ അധിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ പന്തളം രാജകുടുംബ പ്രതിനിധിയുടെ ആവശ്യപ്രകാരം തീരുമാനമായി. തീർത്ഥാടനവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, വാട്ടർ അതോറിറ്റി എംഡി എസ്. പ്രേം കൃഷ്ണൻ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പിപി പ്രമോദ്, ഇടുക്കി കളക്ടർ ദിനേശൻ ചെറുവാട്ട്, പത്തനംതിട്ട കളക്ടർ എ. നിസാമുദ്ദീൻ കോട്ടയം ഡിഎഫ്ഒ പ്രഫൂൽ അഗർവാൾ, റവന്യൂ, ദേവസ്വം, പോലീസ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
