
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി.
നാല് ഡിജിപി മാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിനേയും അജിത്കുമാറിനേയും യുപിഎസ്‌സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് രണ്ട് പേരുകളും ഒഴിവാക്കിയത്.നേരത്തെ സംസ്ഥാന സർക്കാർ സാധ്യതാപട്ടിക അയച്ചിരുന്നപ്പോൾ എം ആർ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതയെയും ഒഴിവാക്കണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയിരുന്നില്ല.
ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേൽക്കേണ്ടതുണ്ട്. നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറായി പ്രവർത്തിക്കുന്ന നിതിൻ അഗർവാൾ ബിഎസ്എഫ് മേധാവിയായിരിക്കെ, പാക് നുഴഞ്ഞുകയറ്റം തടയാൻ സാധിച്ചില്ലെന്ന കാരണത്താൽ കേന്ദ്രത്തിൻ്റെ അപ്രതീക്ക് പാത്രമായി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ്. കേന്ദ്ര ഡപ്യൂട്ടേഷനിൽ ഐപി സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ് റാവഡ ചന്ദ്രശേഖർ. ഫയർഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്തയാകട്ടെ, വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഈ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടയാളുമാണ്.