
തിരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിലെ അവാർഡ് ജീവനക്കാരുടെ ഏക അംഗീകൃത യൂണിയനാണ് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ). ക്ലറിക്കൽ, സബ്-സ്റ്റാഫ് വിഭാഗങ്ങളിലായി ഏകദേശം 8000 ജീവനക്കാരാണ് യൂണിയൻ അംഗത്വത്തിലുള്ളത്. ദേശീയ തലത്തിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനുമായി SBSU (കേരള സർക്കിൾ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
സംഘടനയുടെ രജത ജൂബിലി സമാപന സമ്മേളനം 2025 ഒക്ടോബർ 25ന്, തിരുവനന്തപുരം ടാഗോർ സെൻറ്റിനറി ഹാളിൽ നടക്കും. ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ്റെയും നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസിന്റെയും ജനറൽ സെക്രട്ടറിയായ സഖാവ് എൽ ചന്ദ്രശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ് ബി ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീ കെ വി ബംഗാർരാജു അടക്കം ഉന്നത എക്സിക്യൂട്ടിവുകൾ, എഐഎസ്ബിഐഎസ്എഫിൻ്റെ ദേശീയ തല നേതാക്കൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്‌സ് അസോസിയേഷൻ, എൻസിബിഇ കേരള, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷണേഴ്‌സ് ആൻറ് റിട്ടയറീസ് അസോസിയേഷൻ കേരള എന്നിവയുടെ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തുടനീളം ഏകദേശം 3,000 അംഗങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സമാപന സമ്മേളനത്തിന് മുൻദിനം, ഒക്ടോബർ 24-ന് പനവിളയിൽ നിർമ്മിച്ച യൂണിയന്റെ സ്വന്തം കെട്ടിടമായ ‘SBSU സെൻ്റർ’ സഖാവ് എൽ. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും. യൂണിയൻ്റെ രൂപീകരണകാലം മുതൽ കൂട്ടായ്മയോടെ സ്വപ്നം കണ്ടത് യാഥാർത്ഥ്യമാകുന്ന ചരിത്ര നിമിഷം ആകം ഇത്.
കഴിഞ്ഞ 25 വർഷങ്ങളായി, ബാങ്ക് ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ യൂണിയൻ നിരവധി നേട്ടങ്ങൾ നേടിയെടുത്തു. ഗർഭിണികളായ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് നിയമനാവകാശം ഉറപ്പാക്കിയത്, എൻപിഎസിനെതിരായ നിയമപോരാട്ടത്തിന് നേതൃത്വം നൽകൽ, വെക്കേഷൻ ലീവ് പോളിസി നടപ്പാക്കാൻ ജീവനക്കാരുടെ സ്വന്തം ലീവ് അനധികൃതമായി ഡെബിറ്റ് ചെയ്യുന്നതിനെ എതിർക്കൽ തുടങ്ങിയ യൂണിയൻ്റെ പോരാട്ടങ്ങളും വിജയങ്ങളും ബാങ്ക് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും പുതിയ അവകാശങ്ങൾ നേടുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന നാഴികക്കല്ലുകളായി നിലകൊള്ളുന്നു.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോഴും, ബാങ്ക് ജീവനക്കാരെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ യൂണിയൻ എന്നും മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ എന്ന സംഘടനക്ക് കഴിഞ്ഞ 25 വർഷമായി ബാങ്കിംഗ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രേഡ് യൂണിയനായി നിലനിൽക്കാനാവുന്നത്.

