
പുസ്തകങ്ങള്‍ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികള്‍ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.
സോഷ്യല്‍ മീഡിയ റീലുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും അതിപ്രസരത്തില്‍ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കെ.എല്‍.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങള്‍ക്കാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു.
അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികളുടെ ആശയസംവാദങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്.
സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍ എന്ന ഈ വേദിയില്‍ ജനുവരി 7 മുതല്‍ 13 വരെയുള്ള (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസങ്ങളിലും പ്രമുരായ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കുന്നു.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍, കെ.വി. മനോജ്കുമാര്‍, അര്‍ജുന്‍ പാണ്ഡ്യന്‍, എം. ജി. രാജമാണിക്യം, ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍,
നേവിയുടെ ലഫ്റ്റനന്റ്‍ കമാന്‍ഡേഴ്സ് ആയ ദില്‍ന .കെ, എ. രൂപിമ എന്നിവര്‍,
കലാമണ്ഡലം ബിന്ദുമാരാര്, കല്ല്യാണി ഗോപകുമാര്‍, ശ്രീജ പ്രിയദര്‍ശനന്, മീനാക്ഷി, കെ.പി.ശശികുമാര്‍, അഖില്‍ പി.ധര്‍മ്മജന്‍, മെന്റലിസ്റ്റ് അനന്തു, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ- സാമൂഹിക- കലാരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍ KLIBF സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയൊരുക്കുന്നു.
ഇവരെ കൂടാതെ അയിഷ ആനടിയില്‍, ഫാത്തിമ അന്‍ഷി തുടങ്ങിയ വിദ്യാര്‍ത്ഥിസുഹൃത്തുക്കളും KLIBF4 ന്റെ അതിഥികളായി സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയിലെത്തും.
ആശയസംവാദങ്ങള്‍ക്കു പുറമേ കഥപറച്ചിലും ഫാഷന്‍ ഷോയും കുട്ടികളുടെ നാടകവും മറ്റു കലാപരിപാടികളും മാജിക് ഷോയും പപ്പറ്റ് ഷോയുമടക്കം നിരവധി പരിപാടികള്‍ കൊണ്ട് വര്‍ണ്ണാഭമായ ഏഴ് ദിനങ്ങളാണ് സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയിലൂടെ കേരള നിയമസഭ കുട്ടികള്‍ക്കായി ഒരുക്കുന്നത്.
