
ഷൈൻ ടോം ചാക്കോവിനെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ ചർച്ചയായി മാറിയ മലയാള ചിത്രം ‘സൂത്രവാക്യത്തിൻ്റെ’ ട്രെയ്‌ലർ റിലീസായി. സിനിമാബണ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലർ സിനിമയാണ് ‘സൂത്രവാക്യം’. പ്രമേയത്തിൻ്റെ വ്യത്യസ്തതയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
ജൂലൈ 11ന് ചിത്രം റിലീസ് ചെയ്യും. 2 മിനിറ്റും 4 സെക്കൻഡ് ഉള്ള ചിത്രത്തിൻ്റെ ട്രെയ്‌ലർ നടന്മാരായ ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ,സണ്ണി വെയിൻ എന്നീ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. മനുഷ്യബന്ധങ്ങളുടെ ആഴവും, സൗഹൃദത്തിൻ്റെ മേന്മയും, കാരുണ്യത്തിൻ്റെ തലോടലും നിറഞ്ഞ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ്. ബാബുവാണ്.
ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കിൽ പിന്നോക്കമാകുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പോലീസ് സംരംഭമായ ‘റീകിൻഡ്ലിംഗ് ഹോപ്പ്’ പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.