വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു. ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല നിമിഷങ്ങളാണ് ദ ലെജന്റ് എന്ന നാടകാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ കാറും കൂറ്റന്‍ കപ്പലും ഭീമാകാരനായ ഗരുഡനുമൊക്കെ വേദിയില്‍ വന്നുമറയുന്ന ദൃശ്യവിരുന്നും ഇടിമിന്നലോടെ തമിര്‍ത്തുപെയ്യുന്ന മഴയുമൊക്കെ കാണികള്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഐതിഹ്യമാലയെക്കുറിച്ച് പഠിക്കാനെത്തിയ ഇംഗ്ലണ്ടുകാരി എമിലി നടത്തിയ ടൈം ട്രാവലറിലൂടെയാണ് സ്വാതി രാജസദസ്സും കൊട്ടാരവുമൊക്കെ പുനര്‍സൃഷ്ടിക്കപ്പെട്ടത്. […]