
ഹിന്ദി അടിച്ചേല്പിക്കുന്നത് തടയാൻ തമിഴ്‌നാട് ;സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍
ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിയന്തിക്കുന്നത് ലക്ഷ്യമിടുന്നതാണ് ബിൽ എന്നാണ് വിവരം. അതേസമയം, പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഞങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലിന് എതിരാണെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. ഡിഎംകെ, വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭാഷാ തർക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
2025-26 ലെ സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. ഈ മാറ്റം ബിജെപി നേതാക്കളിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ദേശീയ ചിഹ്നത്തെ നിരാകരിക്കുകയല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ഡിഎംകെ ഇതിനെ പ്രതിരോധിച്ചത്.