
അധ്യാപകന്‍റെ കൈവെട്ടിയ കേസ്, പ്രതി സവാദിന്‍റെ നിര്‍ണായക മൊഴി, കൂടുതൽ അന്വേഷണത്തിന് എൻഐഎ
എറണാകുളം: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ തുടരന്വേഷണത്തിന് എൻഐഎ. 14 വർഷം ഒളിവിൽക്കഴിഞ്ഞ ഒന്നാം പ്രതി സവാദിനെ സഹായിച്ച പോപ്പലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചത്. എന്നാൽ, സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുളള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെന്ന് പ്രതിഭാഗവും നിലപാടെടുത്തു.പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യപേപ്പർ വിവാദത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം.
2010ൽ നടന്ന വധശ്രമക്കേസിൽ 2024ലാണ് ഒന്നാം പ്രതി സവാദ് പിടിയിലായത്. കണ്ണൂരിന് പുറമേ തമിഴ്നാട്ടിൽ ദിണ്ടിഗലിലും ഇയാൾ ഒളിവിൽ കഴിഞ്ഞു. ഇത്രയും വർഷം ആൾമാറാട്ടം നടത്തി ഒളിച്ചുകഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് സഹായം കിട്ടിയെന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്. സവാദിന് ഒളിവിടം ഒരുക്കിയതിന് പുറമേ തൊഴിൽ സംഘടിപ്പിച്ച് നൽകുകയും ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. കേരളത്തിന് പുറത്തുളള പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെ അവരിലേക്ക് വിശദമായ അന്വേഷണം വേണമെന്നാണ് കൊച്ചിയിലെ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ, സഹായം നൽകിയവർക്കെതിരെ നേരത്തെ തന്നെ കേസെടുത്തതാണെന്നും വിചാരണ വൈകിപ്പിക്കാനുളള എൻഐഎ നീക്കത്തിന്‍റെ തുടർച്ചയാണ് ഇതെന്നുമാണ് സവാദിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ആധ്യാപകനെ ആക്രമിച്ച സംഘത്തിലുളളവരും ഗൂഡാലോചന നടത്തിയവരുമായ 19 പേരെ നേരത്തെ കൊച്ചി എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നു.

