
കോട്ടയം കാണക്കാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സംഭവം ആസൂത്രിതം; കാരണം കുടുംബ വഴക്ക്
കാണക്കാരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യുവതിയെ കൊന്ന് കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സിയെ ഭർത്താവ് സാം കെ ജോർജ് കൊലപ്പെടുത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയിൽ കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ പ്രതി എത്തിയിരുന്നതായാണ് വിവരം. ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ വീട്ടിൽലെത്തിയ സാം ജെസ്സിയുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കഴുത്തു ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പുലർച്ചെ ആണ് മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ മാസം 26 നായിരുന്നു കൊലപാതകം നടന്നത്. കഴിഞ്ഞദിവസമാണ് കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയതായി കണ്ടെത്തിയത്. ഉടുമ്പന്നൂര്‍ — തട്ടക്കുഴ — ചെപ്പുകുളം റോഡില്‍ ചക്കൂരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. റോഡില്‍ നിന്നും 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്.
വിദേശത്തുള്ള മക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് 29ന് മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു.ശേഷം അവർ പൊലീസിൽ പരാതി നൽകുകയായിരകുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാം ജോര്‍ജ്ജിനെ ബംഗളരുവില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജെസിയെ കൊലപ്പെടുത്തിയതായി സാം ജോര്‍ജ്ജ് സമ്മതിക്കുകയായിരുന്നു. പ്രതി കാണിച്ചുകൊടുത്ത ഭാഗത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.