
മാരാരിക്കുളം മത്സ്യ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും മാരാരിക്കുളം ക്ഷേത്രം റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു
ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് ഫിഷറീസ് മേഖലയിൽ സർക്കാർ നടത്തിവരുന്നതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന മാരാരിക്കുളം മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച മാരാരിക്കുളം ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവനരഹിതരായി ഗോഡൗണുകളിലും സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും ഒരു മത്സ്യത്തൊഴിലാളിയും ഇന്ന് കഴിയുന്നില്ല. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണിത്. 50 മീറ്ററിനുള്ളിൽ കടലിനോട് ചേർന്ന് അപകടകരമായ ജീവിതം നയിക്കുന്ന ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനുവേണ്ടി 2,450 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. 6300 ഓളം ഫ്ലാറ്റുകൾ പൂർത്തീകരിച്ച് താക്കോൽ കൈമാറിയതായും മന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ 1.48 കോടി രൂപ ചെലവിലാണ് മാരാരിക്കുളം മാർക്കറ്റ് നിർമ്മാണം. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. 384 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ മത്സ്യ വിപണനത്തിനായി 18 സ്റ്റെയിൻലസ് സ്റ്റീൽ സ്റ്റാളുകൾ, ആറ് കടമുറികൾ, മത്സ്യം വൃത്തിയാക്കി വിൽക്കുന്നതിനുള്ള സൗകര്യം, നാല് ശുചിമുറികൾ, ഭിന്നശേഷിക്കാർക്കുള്ള ശുചിമുറി എന്നിവ ഒരുക്കും. സംസ്ഥാന ബജറ്റിൽ അനുവദിച്ച 75 ലക്ഷം രൂപ ചെലവിലാണ് മാരാരിക്കുളം ക്ഷേത്രം റോഡ് നിർമാണം പൂർത്തീകരിച്ചത്.
മാരാരിക്കുളം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ഷിബു, കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിതാ തിലകൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ പ്രീത, ടി എസ് സുഖലാൽ, പി രത്നമ്മ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് അംഗം കെ ബി ഷീബ, കെ കെ കുമാരൻ പെയിൻ ആൻഡ് പല്ലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി പ്രിയേഷ്കുമാർ, പ്രഭാ മധു, പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റൻ്റ് എഞ്ചിനീയർ റിജോ തോമസ് മാത്യു, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/2573)