
മലയോരമേഖലയ്ക്ക് കരുതല്‍
പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് മാതൃകയാവുകയാണ്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള ഒരു വലിയ ചുവടുവെപ്പാണ് 2019-ല്‍ ആരംഭിച്ച ഈ പദ്ധതി. വിജയകരമായി ഏഴാം വര്‍ഷത്തിലേക്ക് പദ്ധതി കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത്.
ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലായി 642 കുടുംബങ്ങളാണ് നിലവില്‍ പദ്ധതിഗുണഭോക്താക്കള്‍. ചിറ്റൂരില്‍ 97 , മണ്ണാര്‍ക്കാട് 160, പാലക്കാട് 385-ഉം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. പറമ്പിക്കുളം, അട്ടപ്പാടി, വാളയാര്‍, മലമ്പുഴ വനമേഖലകളില്‍ പദ്ധതി സജീവമാണ്. ഇതിനായി അഞ്ച് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കട ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടിയിലാണ്. 2019 ല്‍. പിന്നീട് 2022-ല്‍ പാലക്കാടും 2025-ല്‍ പറമ്പിക്കുളത്തും പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍, മൂന്ന് താലൂക്കുകളിലായി 24 ഉന്നതികളിലാണ് സഞ്ചരിക്കുന്ന റേഷന്‍ കട പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ആനവായില്‍ ആറ്, മലമ്പുഴ അകമലവാരത്ത് 15, വാളയാറില്‍ ഒന്ന്, പറമ്പിക്കുളത്ത് രണ്ട് എന്നിങ്ങനെയാണ് ഈ പദ്ധതി നിലവില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതികളുടെ എണ്ണം. റേഷന്‍ സാധനങ്ങള്‍ക്കായി കെ. സ്റ്റോറുകളിലേക്ക് എത്താന്‍ ബുദ്ധിമുട്ടുന്ന മലയോര മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി.
ഭക്ഷ്യ ഭദ്രതക്കായി ‘ഭാസുര’
ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനും ‘ഭക്ഷണം ഔദാര്യമല്ല, അവകാശമെന്ന അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഭാസുര’ പദ്ധതിയുടെ പ്രവര്‍ത്തനവും ഈ മേഖലയില്‍ സജീവമാണ്. മേഖലയിലെ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിലൂടെ പരിഹരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി, അഗളി, ഭൂതിവഴി, ശിരുവാണി ഉന്നതികളില്‍ ‘ഭാസുര’ വനിതാകൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഗോത്രവര്‍ഗ്ഗ സമൂഹത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും കൃത്യതയും ഉറപ്പുവരുത്താനും ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.
കെ-സ്റ്റോറുകള്‍ റേഷന്‍ കടകളുടെ പുതിയ മുഖം
റേഷന്‍ കടകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് പുതിയ മുഖം നല്‍കിക്കൊണ്ട് ആരംഭിച്ച കെ-സ്റ്റോര്‍ പദ്ധതി ജില്ലയില്‍ സജീവമാണ്. 150 കേന്ദ്രങ്ങളിലാണ് കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. റേഷന്‍ കടയുടെ പരമ്പരാഗത രൂപം മാറ്റി ഒരു ഏകീകൃത സേവന കേന്ദ്രമായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൂക്ഷമ ചെറുകിട ഇടത്തര സംരഭങ്ങള്‍ (എം.എസ്.എം.ഇ),സപ്ലൈക്കോ ഉത്പന്നങ്ങള്‍, ചോട്ടു ഗ്യാസ്, മില്‍മ ഉത്പന്നങ്ങള്‍, സി.എസ്.എസി സേവനങ്ങള്‍(കോമണ്‍ സര്‍വീസ് സെന്റര്‍) എന്നിവ കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നു.
ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമാക്കി മുന്‍ഗണനാകാര്‍ഡുകള്‍
ജില്ലയില്‍ ഭക്ഷ്യധാന്യവിതരണം കാര്യക്ഷമമാക്കി മുന്‍ഗണനാകാര്‍ഡുകള്‍.3,69,688 മുന്‍ഗണന കാര്‍ഡുകളുണ്ട്. അതില്‍ 49,864 അന്ത്യോദയ അന്നയോജന കാര്‍ഡ്, 1,50,288 പൊതുവിഭാഗം സബ്സിഡി(നോണ്‍ പ്രയോരിറ്റി സബ്‌സിഡി) കാര്‍ഡ്, 2,47,560 പൊതുവിഭാഗം ( നോണ്‍ പ്രയോരിറ്റി നോണ്‍ സബ്‌സിഡി) കാര്‍ഡ്, 1,106 പൊതുവിഭാഗ സ്ഥാപനം (നോണ്‍ പ്രയോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ )കാര്‍ഡ് എന്നിങ്ങനെയാണുള്ളത്. ജില്ലയിലെ ആറ് താലൂക്കുകളിലായി 936 റേഷന്‍ കടകളും 8,18,506 റേഷന്‍ കാര്‍ഡുകളുമുണ്ട്.
മുന്‍ഗണന കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് അര്‍ഹതയുളള കാര്‍ഡുടമകളുടെ അപേക്ഷകള്‍ യഥാസമയം സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 6,478 അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡുകളും, 57,520 പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്) (പിങ്ക്) കാര്‍ഡുകളും വിതരണം ചെയ്തു. ആറ് താലൂക്കുകളിലായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 28,108 റേഷന്‍ കാര്‍ഡുകളാണുള്ളത്. പൊതുവിതരണ വകുപ്പ് മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് പ്രതിമാസം ഭക്ഷ്യധാന്യങ്ങളും സബ്സിഡികളും നല്‍കിവരുന്നു.
അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പരിശോധനക കണ്ടെത്തി പിടിച്ചെടുക്കുന്നുണ്ട്. ദുര്‍വിനിയോഗം ചെയ്ത റേഷന്‍ സാധനങ്ങളുടെ വില, കമ്പോള വിലയടിസ്ഥാനത്തില്‍ കാര്‍ഡുടമകളില്‍ നിന്ന് ഈടാക്കികൊണ്ട് സര്‍ക്കാരിലേക്ക് ഇതുവരെ 2,07,68,462 (രണ്ടു കോടി ഏഴു ലക്ഷത്തി അറുപത്തി എട്ടായിരത്തി നാന്നൂറ്റി അറുപത്തി രണ്ട് ) രൂപ അടച്ചിട്ടുണ്ട്. അനര്‍ഹമായി കൈപ്പറ്റിയ മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്താനും, പൊതുവിഭാഗത്തിലേക്ക് മാറ്റാനും, പിഴ ഈടാക്കാനുമുളള നടപടികള്‍ തുടരുന്നുണ്ട്.