
ബെംഗളൂരു: ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു. നേരത്തെ സാക്ഷി ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ മൃതദേഹാവശിഷ്ടം ലഭിച്ചതിന് പിന്നാലെ സമീപപ്രദേശങ്ങളിൽ ഇന്നും തെരച്ചിൽ തുടരുകയാണ്. പതിമൂന്നാമത്തെ പോയിൻ്റിന് മുൻപ് ഈ പോയിന്റുകൾക്ക് അടുത്ത് ഒരിക്കൽ കൂടി പരിശോധന പൂർത്തിയാക്കും. ഇന്ന് അന്വേഷണ സംഘം യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. ഡിജിപി സാക്ഷിയുമായി സംസാരിച്ചു. ഇതിനുശേഷമാണ് സമീപപ്രദേശങ്ങളിൽ കൂടി തിരച്ചിൽ നടത്താൻ തീരുമാനമായത്.
ധർമസ്ഥലയിൽ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും ഏറ്റെടുത്ത് അന്വേഷിക്കുമെന്ന് എസ്ഐടി പറഞ്ഞു. ഇത് വരെ രണ്ട് സ്പോട്ടുകളിൽ നിന്നായി ആകെ നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടിയിട്ടുണ്ട്. മിനിഞ്ഞാന്ന് മൃതദേഹാവശിഷ്ടം ലഭിച്ച പുതിയ സ്പോട്ടിനെ 11എ എന്ന് വിളിക്കാനും ഈ വനമേഖലയിൽ കൂടുതൽ പരിശോധന നടത്താനും തീരുമാനമായതായി എസ്ഐടി വൃത്തങ്ങൾ പറഞ്ഞു.
ധർമസ്ഥലയിൽ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയ അസ്ഥികളിൽ ടിഷ്യു ഭാഗം ഉണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ട നിലയിലുമായിരുന്നില്ല. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിഭാഗങ്ങൾ ഉണ്ടായിരുന്നത്. അടുത്ത് ഒരു മുണ്ടും മരത്തിൽ കെട്ടിത്തൂങ്ങിയ പോലെ ഒരു സാരി കുടുക്കിട്ടതും ഉണ്ടായിരുന്നു. അസ്ഥിയുടെ ടിഷ്യുവും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഫൊറൻസിക് പരിശോധനയിൽ പഴക്കം നിർണയിക്കാം. ഈ കേസടക്കം എസ്ഐടിയാണ് അന്വേഷിക്കുക