
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിതയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. താന്‍ മകളാണെന്ന് ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങള്‍ ഉണ്ടായതെന്നും കത്തില്‍ ആരോപിക്കുന്നു. തൃശൂർ കാട്ടൂർ സ്വദേശി കെ എം സുനിതയാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഇവർ കത്തും നൽകി .
ജനിച്ചതിന് പിന്നാലെ അമ്മ അറിയാതെ, എന്റെ പിതാവായ എംജിആര്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കല്‍ എന്നെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് എന്നെ കേരളത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ് സുനിതയെന്ന പേരുമിട്ടത്. രണ്ടര വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചെന്നും പതിനെട്ട് വയസായപ്പോള്‍ അമ്മ ഡിഎന്‍എ പരിശോധന നടത്തുകയും മകളാണെന്നത് സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കത്തിൽ പറയുന്നു. ഇതേത്തുടര്‍ന്ന് പോയസ് ഗാര്‍ഡനിലെ വേദ നിലയത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുമായിരുന്നു.
അമ്മയുടെ മകളാണ് ഞാനെന്ന് വാര്‍ത്താ സമ്മേളനം വിളിച്ചറിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അമ്മ അറിയിച്ചതനുസരിച്ച് 2016 സെപ്റ്റംബര്‍ 22 ന് ഞാന്‍ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ എത്തിയ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതും കടുത്ത വേദനയിലാഴ്ത്തുന്നതുമായിരുന്നു.
സ്റ്റെയര്‍കേസിന്റെ ചുവട്ടില്‍ അനക്കമറ്റ് കിടക്കുന്ന അമ്മയെയാണ് ഞാന്‍ കണ്ടത്. മുകളില്‍ നിന്ന് ആരോ തള്ളിയിട്ടത് പോലെയാണ് കിടന്നിരുന്നത്. ബോധമില്ലാത്തത് പോലെയോ മരിച്ചത് പോലെയോ ആണ് കിടന്നിരുന്നത്. ചുറ്റിലുമായി ടി ടി വി ദിനകരന്‍, ഇളവരശി, സുധാകരന്‍ വീട്ടിലെ മറ്റ് സഹായികള്‍ എന്നിവരും നിന്നിരുന്നു. ഈ സമയത്ത് ശശികല അമ്മ ജയലളിതയുടെ മുഖത്ത് നിര്‍ദാക്ഷിണ്യം ചവിട്ടുന്നത് ഞാന്‍ കണ്ടു. ഞെട്ടലോടെ അലറിക്കരഞ്ഞ എന്റെ വായ, വീട്ടിലെ ജോലിക്കാരിലൊരാള്‍ പൊത്തിപ്പിടിച്ചു എന്നെ പുറത്തേക്ക് കൊണ്ടുപോയി. ആ വെപ്രാളത്തില്‍ എന്റെ ബാഗും എനിക്ക് നഷ്ടമായി. അവിടെ ഇനിയും നിന്നാല്‍ ജീവന് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ വേഗം കേരളത്തിലേക്ക് മടങ്ങി. അമ്മയെ കൊലപ്പെടുത്തിയതാണെന്ന ഈ സത്യം ലോകത്തോട് വെളിപ്പെടുത്താന്‍ പലവട്ടം ഞാനൊരുങ്ങി. എന്റെയും കുഞ്ഞുങ്ങളുടെയും സുരക്ഷയെ കരുതിയാണ് ഇക്കഴിഞ്ഞ എട്ടര വര്‍ഷവും ഇത് പുറത്തുപറയാതെ ഇരുന്നതെന്നും കത്തിൽ പറയുന്നു.