
ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണം വിറ്റതായി ഉണ്ണികൃഷ്ണന്‍ പോറ്റിയും വാങ്ങിയതായി ഗോവര്‍ധനും സമ്മതിച്ചിരുന്നു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയിരുന്നു.
