
ദുബായ് : ഒമാനിലുടനീളം വെള്ളിയാഴ്ചവരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസങ്ങളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി.
ഒമാൻ തീരത്ത് ന്യൂനമർദം രൂപംകൊണ്ടതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും ഏറിയും കുറഞ്ഞും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 37- മുതൽ 83 കിലോമീറ്റർവരെ വേഗതയിൽ കാറ്റ് വീശുന്നത് പൊടിപടലങ്ങൾ ഉയരാൻ കാരദുണമായേക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. കടലിൽ തിരമാലകൾ നാലു മീറ്റർവരെ ഉയരാനും സാധ്യതയുണ്ട്. റോഡ്, ജല ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം. ഏറ്റവും പുതിയ കാലാവസ്ഥാ നിർദേശങ്ങൾ മനസ്സിലാക്കി അവ കർശനമായി പാലിക്കണമെന്നും അതോറിറ്റി നിർദേശം നൽകി.
യുഎഇയിൽ ബുധനാഴ്ചമുതൽ വ്യാഴംവരെ കിഴക്ക്, വടക്കൻ മേഖലയിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. ചില ഉൾനാടൻ പ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കാമെന്ന് കേന്ദ്രം അറിയിച്ചു. വ്യത്യസ്ത തീവ്രതയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. തെക്കൻ മേഖലയിലെ ഉപരിതല ന്യൂനമർദ രൂപീകരണമാണ് വേനൽമഴയ്ക്ക് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. ഒമാൻ കടലിലും അറേബ്യൻ കടലിലുംനിന്ന് ഈർപ്പമുള്ള വായു രാജ്യത്തേക്ക് നീങ്ങുന്നതും മഴയ്ക്ക് വഴിയൊരുക്കും. അതേസമയം, പകൽ താപനില ഉയരും. കിഴക്കൻ പർവതനിരകളോട് ചേർന്നുള്ള ചില പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനും അതുവഴി മഴയ്ക്ക് സാധ്യത കൂടുതലാണെന്നും കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. തെക്കു-കിഴക്കൻ ഭാഗത്തുനിന്നും വടക്കുകിഴക്കുവരെ മിതമായ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ പൊടിപടലങ്ങൾ ഉയർന്ന് ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.