
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണകൂടിയുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സത്യപ്രതിജ്ഞ ചെയ്തശേഷം ആശ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
നീതിക്കുവേണ്ടിയുള്ള സമരമാണ് ആശ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇവരുടെ മാനുഷിക പ്രശ്‌നങ്ങള്‍ സഭക്കകത്തും പുറത്തും ഉന്നയിക്കാന്‍ തനിക്ക് കിട്ടുന്ന ഏതവസരവും വിനിയോഗിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരുന്നതിനാല്‍ ആശ വളണ്ടിയര്‍മാരുടെ പ്രധാന്യം നന്നായറിയാം. കോവിഡ് കാലത്ത് നടത്തിയ സേവനത്തിന് നല്ലവാക്കിലുള്ള അഭിനന്ദനം മാത്രം പോര മാന്യമായി ജീവിക്കാനുള്ള വേതനം കൂടി നല്‍കണം. 24 മണിക്കൂറും നാടിനു വേണ്ടി ജോലി ചെയ്യുന്ന ആശ വളണ്ടിയര്‍മാര്‍ക്ക് ജയിലില്‍ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന വേതനം പോലും ലഭിക്കുന്നില്ല. ആശ സമരത്തെ സര്‍ക്കാര്‍ അവഹേളിക്കുകയും അപമാനിക്കുകയുമാണ്. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നം പരഹരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഷൗക്കത്ത് പറഞ്ഞു. ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയെ ഷാള്‍ അണിയിച്ച് ആര്യാടന്‍ ഷൗക്കത്ത് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.