
വർഗീയ അജണ്ടകൾ കുട്ടികളിൽ കുത്തിവയ്ക്കുന്ന നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി സർക്കാർ അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് മതേതര കേരളത്തിന് അഭിമാനം പകർന്ന ഒന്നായിരുന്നു. ഇങ്ങനെ പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാർ ബുദ്ധിയുടെ ഉത്പന്നമാണ് പിഎം ശ്രീ. ഇതിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും. അങ്ങനെ വന്നാൽ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ച് ആത്മഹത്യാപരമാകുമെന്ന് ലേഖനത്തിൽ പറയുന്നു.
പി എം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയുള്ള സിപിഐ ലേഖനം പുറത്തുവരുന്നത്. പദ്ധതി നടപ്പിലാക്കിയാൽ കേന്ദ്ര പുസ്തകം പഠിപ്പിക്കേണ്ടി വരുമെന്ന് ലേഖനം ഓർമ്മപ്പെടുത്തുന്നുണ്ട്.
തമിഴ്‌നാട് പദ്ധതി നടപ്പിലാക്കിയില്ല, പകരം സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. പിന്നാലെ കേന്ദ്ര വിഹിതം നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. ആ വഴിയാണ് സംസ്ഥാനം സ്വീകരിക്കേണ്ടത്. കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർഎസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല ഇടത് സർക്കാർ ചെയ്യേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.
പിഎം ശ്രീ വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയുടെ കാതൽ എൻഇപിയാണ്. അതിന്റെ അടിസ്ഥാനം ആർഎസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ്. കേരളം എല്ലാ രംഗത്തും ഒരുബദൽ രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാർവിന്റെ പരിണാമസിദ്ധാന്തംപോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആർഎസ്എസ് നയങ്ങളെ വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീയിലുടെ നടപ്പാക്കുന്നതാണ് എൻഇപി. എൻഇപി അവശ്യഘടകമാണെന്നുണ്ടെങ്കിൽ അതാണ് വ്യവസ്ഥയെങ്കിൽ അക്കാര്യം കേരള സർക്കാർ പലവട്ടം ചിന്തിക്കണം. കേരളത്തിലെ സർക്കാർ സാധാരണ സർക്കാരല്ല, ഇന്ത്യയുടെ മുന്നിൽ ബദൽ രാഷ്ട്രീയത്തിന്റെ വഴികാണിക്കേണ്ട സർക്കാരാണ്. അതിൽ വിദ്യാഭ്യാസരംഗം മൗലിക പ്രാധാന്യമുള്ള ഒന്നാണ്. അക്കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നതും ഫണ്ട് കുടിശികയുണ്ടെന്നതും പലകാരണങ്ങൾ പറഞ്ഞ് കേന്ദ്രം സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുകയാണെന്നതും ശരിയാണ്. എന്നാൽ അവരുടെ ഏറ്റവും തെറ്റായ വിദ്യാഭ്യാസ നയത്തിന് സമ്മതം മൂളിയാലേ പണം തരൂവെന്ന കേന്ദ്ര നിലപാട് ശരിയല്ല. എൻഇപി എന്ന ഘടകത്തിന്റെ വ്യവസ്ഥയ്ക്ക് വിധേയമായിമാത്രമേ പറ്റുകയുള്ളൂവെന്നുണ്ടെങ്കിൽ അതേപറ്റി എൽഡിഎഫ് സർക്കാരിന് രാഷ്ട്രീയപരമായും ആശയപരമായും പലവട്ടം ചിന്തിക്കേണ്ട കടമയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.