
ചരിത്രമാകാൻ ഷീ സൈക്ലോത്തോൺ; ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ സൈക്കിൾ യാത്ര
ചരിത്രമാകാൻ ഒരു സൈക്കിൾ യാത്ര. 12 വീട്ടമ്മമാർ, 5 ജില്ലകൾ, 200 ലേറെ കിലോമീറ്ററുകൾ. കേരളത്തിൽ ഒരു ചരിത്രം കൂടി പിറക്കുന്നു. ലഹരി വിരുദ്ധ സന്ദേശവുമായി സാധാരണക്കാരായ 12 വീട്ടമ്മമാർ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുന്നു. നവംബർ 2-ന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്ര നവംബർ 8-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രികരിൽ 40 മുതൽ 60 വയസു വരെയുള്ള അങ്കണവാടി – ആശ പ്രവർത്തകർ ഉണ്ട്, കുടുംബശ്രീ അംഗങ്ങൾ ഉണ്ട്. യാത്ര കടന്നുപോകുന്ന വഴികളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും ലഹരി ബോധവൽക്കരണ പരിപാടികളും നടത്തും.
തിരുവനന്തപുരത്തെ പ്രമുഖ എൻ. ജി. ഓയായ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് – കേരളീയം സംഘടിപ്പിക്കുന്ന ഈ ചരിത്ര യാത്രയിൽ ഷീ സൈക്ലിങ്ങും, ഇൻ്റസ് മീഡിയയും കൈകോർക്കുന്നു. ചരിത്ര ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് തിരുവനന്തപുരം ബൈസൈക്കിൾ മേയറും, ഷീ സൈക്ലിങ്ങിൻ്റെ സീനിയർ നാഷണൽ പ്രോജക്ട് മാനേജറും ആയ പ്രകാശ് പി ഗോപിനാഥാണ്. ഷീ സൈക്ലിംഗ് നാഷണൽ പ്രോജക്ട് ഓർഡിനേറ്റർ സീനത്ത് എം എ ആണ് യാത്ര ക്യാപ്റ്റൻ.
റൂഹി, സുനിത ഗഫൂർ, ലൈല നിസാർ, ബേബി നാസ്, സൈനബ, മുംതാസ്, ട്രീസ, ജെസ്സി ജോണി, റാഹാന, ഷബാന, ഷംല എന്നിവർ ആണ് മറ്റു ഷീ സൈക്ലിംഗ് റൈഡേഴ്സ്. ഇതിനൊപ്പം ബോധവൽക്കരണവുമായി നാലംഗ നാടൻപാട്ട് സംഘവും ഉണ്ടായിരിക്കും. ആറ് ദിവസം കൊണ്ട് പതിനാലോളം സ്‌കൂളുകളിലും നാലോളം കോളേജുകളിലും സംഘം ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തും.
കേരളീയത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ ലാലു ജോസഫും, ട്രഷറർ അജയകുമാറും, ഷീ സൈക്ലിംഗിനെ പ്രതിനിധീകരിച്ച് പ്രകാശ് പി ഗോപിനാഥും സീനത്ത് എം എയും, ഇൻ്റസ് മീഡിയയെ പ്രതിനിധീകരിച്ച് സിഇഒ ബാലചന്ദ്രൻ ബിയും മുജീബ് ഷംസുദ്ദീനുമാണ് എറണാകുളം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്.

